പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച
text_fieldsകുമ്പള: ബായാറിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച.പൊന്നങ്ങളായിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹമീദും കുടുംബവും വീട് പൂട്ടി നാല് ദിവസം മുമ്പ് ബംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട് നോക്കാന്‍ ഏൽപിച്ചയാള് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ പിറകുവശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു.
കൂടുതൽ പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച പണവും വാച്ചും കവര്‍ന്നതായി അറിയുന്നത്. അടഞ്ഞു കിടക്കുന്ന വീടുകള്‍ മനസ്സിലാക്കി കവര്‍ച്ച നടത്തുന്ന സംഘം മഞ്ചേശ്വരം പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുകയാണ്. 10,000 രൂപയും 11,000 രൂപ വില വരുന്ന റാഡോ വാച്ചും കവര്‍ന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പൂട്ടിക്കിടക്കുന്ന വീടുകള്‍ മനസ്സിലാക്കി കവര്‍ച്ച നടത്തുന്ന ഒരു സംഘം തന്നെ മഞ്ചേശ്വരം ഭാഗത്ത് തമ്പടിച്ചാതായാണ് വിവരം. കഴിഞ്ഞ ദിവസം ഉപ്പള ഹിദായത്ത് ബസാറിലെ സാലിമിന്റെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു.ഇവിടെ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കവര്‍ച്ചസംഘത്തെ കണ്ടെത്താന്‍ പൊലീസ് രാത്രികാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

