മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട; 432 ലിറ്റർ പിടികൂടി
text_fieldsകുമ്പള: മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 432 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പന ഗോരിഗുഡ്ഡെയിലെ ബാലകൃഷ്ണ (50) യാണ് അറസ്റ്റിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. റിനോഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ അമിത വേഗതയില്‍ വന്ന കാര്‍ തടഞ്ഞാണ് ഡിക്കിയിലും അകത്തുമായി സൂക്ഷിച്ച മദ്യം പിടികൂടിയത്. കാർ കസ്റ്റഡിയിലെടുത്തു. മംഗളൂരുവിൽ നിന്ന് കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫിസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി. മുഹമ്മദ് ഇജാസ്, വി. മഞ്ജുനാഥ, വി.ബി. സബിത്ത്ലാല്, ഡ്രൈവര്‍ ഇ.കെ. സത്യന് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

