പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് ആഴമേറിയ കിണറ്റിൽ കുടുങ്ങി
text_fieldsകാഞ്ഞങ്ങാട്: പൂച്ചയെ രക്ഷിക്കാൻ ആഴമേറിയ കിണറ്റിലിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. പൂച്ചയെ രക്ഷിച്ചശേഷം കയറിൽനിന്ന് പിടിവിട്ട് കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേനയെത്തി. ചൊവ്വാഴ്ച രാവിലെ പെരയബസാർ വില്ലാരംപതിയിലാണ് സംഭവം. വില്ലാരംപതിയിലെ കുഞ്ഞികൃഷ്ണന്റെ മകൻ മിഥുനാണ് (23) കിണറ്റിലകപ്പെട്ടത്.
വീട്ടിലെ പൂച്ച കിണറ്റിൽ വീണതിനെ തുടർന്ന് കയർകെട്ടി ഇറങ്ങിയതായിരുന്നു കാർ ഷോറൂം ജീവനക്കാരനായ മിഥുൻ. പൂച്ചയെ ചാക്കിലാക്കി കയറിൽ കെട്ടി മുകളിൽ കയറ്റി. തുടർന്ന് കയറാൻ ശ്രമിക്കവെ പ്ലാസ്റ്റിക് കയറിൽനിന്ന് പിടിവിട്ട് രണ്ടടി താഴേക്ക് വീഴുകയായിരുന്നു. പിന്നീട് കയറാൻ കഴിയാതെ വന്നു.ഇതോടെയാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്.
കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയിലെ എസ്.എഫ്.ആർ.ഒ കെ.വി. പ്രകാശൻ, എഫ്.ആർ.ഒ (ഡി) ഡ്രൈവർ ഷാജഹാൻ, എഫ്.ആർ.ഒമാരായ ശ്രീദേവ്, ദിലീപ്, ഹോം ഗാർഡ് രാഘവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളമില്ലാത്ത കിണറായതിനാൽ വലിയ അപകടം ഒഴിവായതായി അഗ്നിരക്ഷാസേന പറഞ്ഞു. വലിയ താഴ്ചയുള്ള ഇത്തരം കിണറുകളിൽ സുരക്ഷാക്രമീകരണമില്ലാതെ ഇറങ്ങാൻപാടില്ലെന്നും അപകടമുണ്ടാക്കുമെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

