ലഹരിക്കെതിരെ വോളിബാൾ ലഹരി
text_fieldsകാഞ്ഞങ്ങാട്: ലഹരിക്കെതിരെ വോളിബാൾ ലഹരിയുമായി ജനമൈത്രി പൊലീസ് ഹോസ്ദുർഗും കൊളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതിയും കൊളവയൽ കൂട്ടായ്മയും. കൊളവയലിൽ നടന്ന വോളിബാൾ ടൂർണമെന്റ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.എച്ച്. ഹംസ അധ്യക്ഷത വഹിച്ചു.
ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാർ, വാർഡ് മെംബർമാരായ കെ. രവീന്ദ്രൻ, ജാഗ്രത സമിതി ചെയർമാൻ എം.വി. നാരായണൻ, കൺവീനർ ഷംസുദ്ദീൻ കൊളവയൽ എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി സ്വാഗതവും കൊളവയൽ കൂട്ടായ്മ അഡ്മിൻ റഫീഖ് മുല്ലക്കൽ നന്ദിയും പറഞ്ഞു.
പൊലീസ് ടീമും കൊളവയലിലെ ടീമുകളും മത്സരിച്ച കളിയിൽ യുനൈറ്റഡ് കൊളവയലിനെ തോൽപിച്ച് ഗ്രീൻസ്റ്റാർ ഇഖ്ബാൽ നഗർ ജേതാക്കളായി. കാഞ്ഞങ്ങാട് സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ സമ്മാനം വിതരണം ചെയ്തു. ഭാവിയിൽ ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കാനും സ്ക്വാഡ് പ്രവർത്തനം നടത്താനും തീരുമാനിച്ചു. ചടങ്ങിൽ ഡിവൈ.എസ്.പി, ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ കരീം പൂവളപ്പിന് നൽകി നിർവഹിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശില്പ, അഡീഷനൽ എസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് കൊളവയൽ മാതൃക ജാഗ്രത സമിതി പ്രവർത്തനം മുന്നോട്ടു പോകുന്നത്.

