ആഭരണങ്ങളുമായി യുവതികൾ പിടിയിലായത് മുംബൈക്ക് കടക്കാനുള്ള ശ്രമത്തിനിടെ
text_fieldsശ്രദ്ധ, സൽമ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആഭരണങ്ങളുമായി രണ്ട് യുവതികൾ പിടിയിലായത് മോഷണ മുതലുമായി മുംബൈക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ. കോഴിക്കോട് കവർച്ച നടത്തി കാറിൽ രക്ഷപ്പെടുന്നതിനിടെ വ്യാഴാഴ്ച രാത്രി ഏഴിനാണ് യുവതികൾ പിടിയിലായത്.
പിടിയിലായ രണ്ട് യുവതികളിൽനിന്ന് പൊലീസ് 17 ലക്ഷം രൂപയോളം വിലവരുന്ന 200 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തി. മുംബൈ സ്വദേശികളായ ശ്രദ്ധ (38), സൽമ (42) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് നല്ലളം സ്വദേശിയായ സ്വർണ നിർമാണ വ്യാപാരി ഹനീഫയുടെ 25 പവൻ ആഭരണം കവർന്ന് രക്ഷപ്പെടുകയായിരുന്നു ഇവർ. യുവതികളുടെ പക്കൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ഉണ്ടെന്ന വിവരഞ്ഞെതുടർന്ന് പുതിയ കോട്ട ടൗണിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങത്ത്, ഇൻസ്പെക്ടർ പി. അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്നിന്ന് പുറപ്പെട്ട കാറിനെ കണ്ണൂരിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വെച്ച് പൊലീസ് പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.
തുടർന്നാണ് കാഞ്ഞങ്ങാട് വെച്ച് പിടിയിലാവുന്നത്. ഇവർ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. യുവതികൾ ആഭരണവുമായി മംഗലാപുരം വഴി കാറിൽ മുംബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. സ്വർണ നിർമാണ സ്ഥാപന ഉടമ പുറത്ത് പോയതക്കത്തിന് യുവതികൾ ആ ഭരണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിനെ അറിയിച്ചത്. യുവതികളെ ഇന്നലെ പുലർച്ചയെത്തിയ നല്ലളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി കോഴിക്കോടേക്ക് കൊണ്ട് പോയി. ഹനീഫയുടെ ഗൾഫിലെ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്ന് സൽമ പൊലീസിനോട് പറഞ്ഞു. ചില ആവശ്യങ്ങൾക്ക് മുംബൈയിൽനിന്ന് ഹനീഫ പറഞ്ഞ പ്രകാരം കോഴിക്കോട്ടെത്തിയതാണെന്നും സൽമ പൊലീസിനോട് പറഞ്ഞു. ശ്രദ്ധക്ക് ഹനീഫയെ മുൻപരിചയമില്ല. സൽമക്കൊപ്പം രണ്ട് ദിവസം മുമ്പ് ശ്രദ്ധയും മുംബൈയിൽ നിന്നും കോഴിക്കോടെത്തിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

