കഞ്ചാവ് കടത്ത്: രണ്ടു വർഷം കഠിനതടവ്
text_fieldsകാഞ്ഞങ്ങാട്: കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് രണ്ടു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. നായന്മാർമൂല തായൽ എൻ.എസ്. ജുനൈദിനെയാണ് (36) കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 30ന് രാത്രി 7.20ന് കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ കൂടി ബുള്ളറ്റിൽ കഞ്ചാവുമായി സഞ്ചരിക്കവെയാണ് പ്രതി പിടിയിലായത്. ഷോൾഡർ ബാഗിൽ മൂന്നു കിലോ കഞ്ചാവ് വിൽപനക്കായി കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയയാണ് ശിക്ഷ വിധിച്ചത്.
ഹോസ്ദുർഗ് എസ്.ഐ ആയിരുന്ന എൻ.പി. രാഘവനാണ് കഞ്ചാവ് പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആഷിഖ്, അബ്ദുൽ നൗഷാദ് എന്നിവർ ജാമ്യം ലഭിച്ചതിനുശേഷം ഒളിവിലാണ്. കേസിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഹോസ്ദുർഗ് ഇൻസ്പെക്ടറും ഇപ്പോൾ കാസർകോട് ഡിവൈ.എസ്.പിയുമായ സി.കെ. സുനിൽകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായിരുന്നു.

