പിറന്നാൾ ആഘോഷത്തിനിടെ യുവാവിനെ വീട്ടിൽ കയറി വെട്ടി
text_fieldsകാഞ്ഞങ്ങാട്: പിറന്നാൾ ആഘോഷത്തിനിടെ വീട്ടുമുറ്റത്തു കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. ഭാര്യയെയും അക്രമിച്ചു. അജാനൂർ ഇട്ടമ്മൽ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ എംപി മൻസിലിലെ കെ.സി. ഫസലിനാണ് (40) വെട്ടേറ്റത്. ഭാര്യ ഹസീനക്കും പരിക്കുണ്ട്.
കഴിഞ്ഞദിവസം ആറങ്ങാടിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇട്ടമ്മലിലെ അഫ്സൽ, ആറങ്ങാടിയിലെ എൻ.എ. ഷാഫി, കുശാൽനഗറിലെ നൗഷാദ് കാദൻ, ആറങ്ങാടിയിലെ റാസിക്ക് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഫസലിന്റെ അമ്മാവന്റെ വീട്ടിലാണ് പിറന്നാൾ ആഘോഷം നടന്നത്. അഫ്സലാണ് വെട്ടിയത്. മറ്റുള്ളവർ ഇരുമ്പുദണ്ഡുകൊണ്ട് കൈക്കും വയറിനും അടിച്ചുപരിക്കേൽപിക്കുകയായിരുന്നു. ഒരു പ്രതിയുടെ ബന്ധു എറണാകുളത്ത് എം.ഡി.എം.എ കേസിൽപെട്ടിട്ടുണ്ടെന്ന് നാട്ടിൽ പ്രചരിപ്പിച്ചുവെന്ന് പറഞ്ഞാണ് അക്രമമെന്ന് പരാതിയിലുണ്ട്. ഇതേ സംഭവത്തിൽ ആക്രമിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ആറങ്ങാടി കോട്ടക്കടവിലെ പി. അസ്കറിന്റെ പരാതിയിൽ ഷഫീഖ്, ഷാഫി എന്നിവർക്കെതിരെയാണ് കേസ്. മകളുടെ പിറന്നാൾ ആഘോഷത്തിന് പുറമേനിന്നുള്ളവരെ ക്ഷണിച്ചുകൊണ്ടുവന്ന വിരോധത്തിനാണ് അക്രമമെന്ന് പരാതിയിലുണ്ട്. ഭാര്യ ഹർഷാനയെ ആക്രമിച്ചതായും പരാതിയിലുണ്ട്.

