ജൈവവൈവിധ്യം തൊട്ടറിഞ്ഞ് കൂട്ടക്കനി സ്കൂളിലെ കുട്ടികൾ
text_fieldsകൂട്ടക്കനി ജി.യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചിറക്കാൽ തോടരികിൽ സംഘടിപ്പിച്ച
തണ്ണീർത്തട ദിനാചരണം ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: തണ്ണീർത്തടങ്ങളിൽ ഉത്തരേന്ത്യയിൽ നിന്ന് ദേശാടകരായി വിരുന്നെത്തിയ നാകമോഹനെയും ഏഴും എട്ടും പേർ ചേർന്ന് കൂട്ടത്തോടെ ആഹ്ലാദത്തിൽ പറന്നുയരുന്ന കരിയിലക്കിളിയെയും കണ്ട കുട്ടികളുടെ മനസ്സിൽ വിസ്മയച്ചിറകടി. ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞ് നീർപക്ഷികളെയും നാട്ടുപക്ഷികളെയും കണ്ടറിഞ്ഞ് കൂട്ടക്കനി ഗവ. യു.പി സ്കൂളിലെ കുട്ടിപ്പടയാണ് ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടത്.
ഹരിതമേലാപ്പുകൾ തലയുയർത്തി നിൽക്കുന്ന വിദ്യാലയാങ്കണം മുതൽ രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള പൂച്ചക്കാട് ചിറക്കാൽ തോട് വരെയായിരുന്നു ഹരിതപാത യാത്രയും പക്ഷി നിരീക്ഷണവും. താഴമ്പൂ പൂത്തുനിൽക്കുന്ന പൂക്കൈതകളും നൂറുകണക്കിന് ചെറുപക്ഷികളും വിവിധയിനം നീർപക്ഷികളും ചിറക്കാൽ തോടരികിലെ മനംമയക്കുന്ന കാഴ്ചകളായി. പർപ്ൾ ഹാരോൺ, മഞ്ഞക്കറുപ്പൻ, ബുൾബുൾ, കത്രിക വാലൻ, ഓലേഞ്ഞാലി, തേൻകുരുവി, ചെമ്പോത്ത്, കിങ്ഫിഷർ, തത്ത, മരംകൊത്തി, വിവിധയിനം കൊക്കുകൾ തുടങ്ങിയവയെ നിരീക്ഷണത്തിലൂടെ കുട്ടികൾ തിരിച്ചറിഞ്ഞു. നാടുണരും മുമ്പേയുള്ള കുട്ടികളുടെ പ്രകൃതി നിരീക്ഷണ യാത്ര നാട്ടുകാരിലും കൗതുകക്കാഴ്ചയായി. പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം തണ്ണീർത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അനൂപ്കുമാർ കല്ലത്ത്, രാജേഷ് കൂട്ടക്കനി, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.