കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ വിളയാട്ടം
text_fieldsകാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് അകത്തും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. നായശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ ഉൾപ്പടെ കയറിപ്പറ്റുന്ന നായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തും ഇവ കൂട്ടംകൂടി കിടക്കും. ഇരിപ്പിടത്തിനടിയിലും സീറ്റിന് മുകളിലും കയറി ക്കിടക്കുന്നതും പതിവു കാഴ്ച. പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് നായ്ക്കളുടെ കടികൊള്ളാതെ രക്ഷപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇവറ്റകളുടെ വിഹാരം. രാത്രി വൈകി പ്ലാറ്റ്ഫോമിൽ നായ്ക്കൾ തമ്പടിക്കുന്നത് ഒറ്റക്കെത്തുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. കൺമുന്നിലൂടെ തെരുവുപട്ടികൾ വിഹരിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

