കാറിന് പിന്നിൽ കാറിടിച്ച് ആറുപേർക്ക് പരിക്ക്
text_fieldsചിത്താരിയിൽ അപകടത്തിൽപ്പെട്ട കാറുകൾ
കാഞ്ഞങ്ങാട്: ചിത്താരിയിൽ കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് ആറു പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി 12.30 ഓടെ കെ.എസ്.ടി.പി റോഡിൽ സൗത്ത്ചിത്താരിയിലാണ് അപകടമുണ്ടായത്. അജാനൂർ ഇഖ്ബാൽ നഗറിലെയും നിലേശ്വരം സ്വദേശികളും സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ പരിക്കേറ്റ ഇഖ്ബാൽ നഗറിലെ സുഹൈബിനെ (26) മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്ബാൽ നഗർ സ്വദേശികളായ ബാസിത് (25), ബാഷ (27), ഇട്ടമ്മലിലെ നിസാമുദ്ദീൻ (30), നീലേശ്വരത്തെ സുഹൈൽ (20), അഹമ്മദ് (20) എന്നിവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരു കാറുകളും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്നു. പിറകിലിടിച്ച കാർ മുന്നിലെ കാറിന്റെ മുകളിൽകൂടി കയറിയിറങ്ങിയ ശേഷം തൊട്ടടുത്ത പെട്ടിക്കടയിലും മരത്തിലും ഇടിച്ചാണ് നിന്നത്. ചിത്താരിയിലെ ഖാലിദിന്റെ പെട്ടിക്കട പൂർണമായും തകർന്നു. കാറുകൾ പാടെ തകർന്നു.

