അമ്മയും കുഞ്ഞും ആശുപത്രിയിൽ ഡോക്ടർമാരില്ല; രോഗികൾക്ക് ദുരിതം
text_fieldsഅമ്മയും കുഞ്ഞും ആശുപത്രി
കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ച് പ്രവർത്തനം ആരംഭിച്ച അമ്മയും കുഞ്ഞും ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ മടങ്ങുന്നു. തിങ്കളാഴ്ച ഇവിടെയെത്തിയ നിരവധി രോഗികൾക്ക് ചികിത്സ ലഭിക്കാത്തതിനാൽ നിരാശയോടെ ആശുപത്രി വിടേണ്ടിവന്നു. രാവിലെ മുതൽ ക്യൂ നിന്നവർക്കാണ് ഈ ദുർഗതി. കുട്ടികളുമായെത്തിയ നൂറിലേറെ പേർക്ക് ഡോക്ടറെ കാണാൻ ടോക്കൺ ലഭിച്ചിരുന്നു. ഉച്ചയാകുമ്പോൾ പരിശോധിച്ചിരുന്ന ശിശുരോഗ വിദഗ്ധൻ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. 50 ഓളം പേർക്ക് മാത്രമെ ഈ സമയത്തിനിടെ ഡോക്ടറെ കാണാൻ സാധിച്ചുള്ളൂ. ബാക്കിയുള്ള 50 ലേറെ പേർക്ക് ഡോക്ടറെ കാണാനായില്ല.
നഴ്സിനോട് പരാതി അറിയിച്ചപ്പോൾ കുട്ടികളെ ഉച്ചക്ക് ശേഷം ഡ്യൂട്ടിക്കെത്തുന്ന മറ്റേതെങ്കിലും ഡോക്ടറെ കാണിക്കാനോ ശിശുരോഗ വിദഗ്ധനെ കാണിക്കണമെങ്കിൽ അടുത്ത ദിവസം വരാനും അറിയിക്കുകയായിരുന്നു. രോഗംമൂലം തളർന്ന കുട്ടികളുമായി ഏറെ വിഷമത്തോടെയാണ് സ്ത്രീകളടക്കം രക്ഷിതാക്കൾ ആശുപത്രി വിട്ടത്.
ആശുപതിയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെയടക്കം നൂറിലേറെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. വിരലിലെണ്ണാവുന്ന തസ്തികകളിൽ മാത്രമാണ് നിയമനമായത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.