പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; വിചാരണ ആരംഭിച്ചു
text_fieldsപി.എ. സലീം
കാഞ്ഞങ്ങാട്: നാടിനെ പിടിച്ചുലച്ച പീഡനക്കേസിൽ പ്രതിക്കെതിരെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിൽ വിചാരണ ആരംഭിച്ചു. പടന്നക്കാട്ടെ വീട്ടിൽ കിടന്നുറങ്ങിയ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണം കവർന്ന ശേഷം റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതി കർണാടക കുടക് സ്വദേശി പി.എ. സലീമിനെതിരെയുള്ള വിചാരണ നടപടികളാണ് പോക്സോ കോടതിയിൽ അതിവേഗം പുരോഗമിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ ഓരോ തവണയും വിചാരണക്കായി കോടതിയിൽ ഹാജരാക്കുന്നുണ്ട്.
സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്തതിനാൽ ലീഗൽ അഡ്വൈസറി നിയോഗിച്ച അഭിഭാഷകനാണ് പ്രതിക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു കുട്ടിയുടെ വിചാരണക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. ഈ സമയം പ്രതിയെ കൂടി വിചാരണക്ക് വിധേയമാക്കേണ്ടിയിരുന്നതിനാൽ പ്രതിയെ നിർത്തിയ കോടതികൂട്ടിലും പെൺകുട്ടിയെ നിർത്തിയിരുന്ന കോടതികൂട്ടിലും കറുത്ത തുണികൊണ്ട് കർട്ടൻ തീർത്തിരുന്നു.
കേസിൽ അതീവ ജാഗ്രത പുലർത്തിയാണ് കോടതി നടപടികൾ പൂർത്തിയായത്. ജഡ്ജി പി.എം. സുരേഷാണ് സാക്ഷികളെ വിസ്തരിക്കുന്നത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ കുട്ടിയുടെ മാതാവിനെയും കോടതി വിസ്തരിച്ചു.
ഇവരുടെ വിസ്താരം പൂർത്തിയായിട്ടില്ല. 67 സാക്ഷികളുടെ വിസ്താരമാണ് കോടതിയിൽ പൂർത്തിയാകാനുള്ളത്. 2024 മേയ് 15 ന് പുലർച്ചെയായിരുന്നു സംഭവം. പഴുതടച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കകം പ്രതിയെ ആന്ധ്രയിൽനിന്ന് പൊലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത 39-ാം ദിവസം ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴത്തെ ചക്കരകല്ല് ഇൻസ്പെക്ടർ എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്.
300 പേജുള്ള കുറ്റപത്രം
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 300 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. തട്ടിക്കൊണ്ടു പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വീട്ടിൽ അതിക്രമിച്ചു കടക്കൽ ഉൾപ്പെടെയുള്ള കുറ്റമാണ് പ്രതിക്കെതിരെ കുറ്റപത്രത്തിലുള്ളത്.
മോഷ്ടിക്കാനായി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. പുലർച്ചെ വല്യച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയം തുറന്നുവെച്ച വാതിലിൽ കൂടി അകത്ത് കയറിയായിരുന്നു ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് വിജനമായ സ്ഥലത്തുവെച്ച് പീഡിപ്പിച്ചത്.
കുട്ടിയുടെ സ്വർണക്കമ്മൽ പിന്നീട് വിൽപന നടത്തിയ നിലയിൽ കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബ കേസിൽ രണ്ടാം പ്രതിയാണ്. 2022ൽ ബന്ധുവായ പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ കയറ്റി കൊണ്ടുപോയി ആദൂർ വനത്തിനുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതി ഇതേ പോക്സോ കോടതിയിൽ മറ്റൊരു വിചാരണ കൂടി നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

