ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ശുചിമുറിയിൽ ഉൾപ്പെടെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായയാൾ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസ് ഡ്രൈവറാണ്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.
കുട്ടിയുടെ മാതാവുമായി പ്രതിക്കുള്ള പരിചയം മുതലെടുത്തായിരുന്നു 14കാരിയെ പീഡനത്തിനിരയാക്കിയത്. പോക്സോ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മാതാവ് നടത്തിയ അന്വേഷണത്തിൽ പീഡനവിവരം പുറത്തറിയുകയായിരുന്നു. തുടർന്ന് പൊലീസിനെ സമീപിച്ചു. പ്രതി വിവാഹിതനാണ്.
മറ്റൊരു സംഭവത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരിയുടെ വെളിപ്പെടുത്തലിൽ 56കാരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ, മുമ്പും പ്രതി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകി പൊലീസിനെ അറിയിക്കുകയായിരുന്നു. മക്കൾക്കൊപ്പം കളിക്കാനെത്തിയ സമയത്തായിരുന്നു വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്.

