ശാസ്ത്ര മേള: അച്ഛന്റെ പാത പിൻപറ്റി ഉഗ്രൻ മേശ നിർമിച്ച് ഗൗതം
text_fieldsമത്സരവേദിയിൽ നിർമിച്ച മേശയുമായി
വീട്ടിലേക്ക് മടങ്ങുന്ന ഗൗതം
കാഞ്ഞങ്ങാട്: അച്ഛന്റെ പാത പിൻപറ്റി മൂന്ന് മണിക്കൂറിനുള്ളിൽ ഉഗ്രൻ മേശ നിർമിച്ച് പ്ലസ് വൺ വിദ്യാർഥി. മഞ്ചേശ്വരം മിയാ പദവ് ഹയർ സെക്കൻഡറി സ്കൂളിലെ ജി.എ. ഗൗതമാണ് ശാസ്ത്ര മേളയിൽ മേശ നിർമിച്ചത്. പിതാവ് ബാബു ചാലിയൻ മരപ്പണിക്കാരനാണ്. പിതാവിൽനിന്ന് പഠിച്ച കുലത്തൊഴിൽ ഗൗതത്തിന് മത്സരത്തിന് ഏറെ സഹായകമായി.
കുട്ടികളുടെ കരവിരുതിൽ ചെരിപ്പ് മുതൽ അലങ്കാര വസ്തുക്കൾ വരെ
കാഞ്ഞങ്ങാട്: ജില്ല ശാസ്ത്രോൽസവത്തിൽ കുട്ടികളുടെ കരവിരുതിൽ രൂപംകൊണ്ടത് വിവിധതരം വസ്തുക്കൾ. ചെരിപ്പ് മുതൽ അലങ്കാര വസ്തുക്കൾ വരെ ഡസൻ കണക്കിന് വസ്തുക്കളാണ് കുട്ടികൾ നിർമിച്ചത്. വിവിധ വർണത്തിലും രൂപത്തിലുമുള്ള കുട്ടകളും ഊഞ്ഞാലും പുഷ്പങ്ങളും ബാഗുകളും കളിക്കോപ്പുകളും കൊച്ചു കൂട്ടുകാരുടെ കരവിരുതിൽ രൂപപ്പെട്ടു. ക്ലാസ് നിറയെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കൾ കൊണ്ട് നിറഞ്ഞപ്പോളത് പുതുമയുള്ള കാഴ്ചയുമായി.
കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കൾ പ്രദർശനത്തിന് വെച്ചപ്പോൾ
വെളുത്തുള്ളിത്തോടും മഞ്ചാടിക്കുരുവും ഭൂപടമാക്കി; ശിവഗംഗക്ക് ഒന്നാംസ്ഥാനം
കാഞ്ഞങ്ങാട്: വെളുത്തുള്ളിത്തോടിലും മഞ്ചാടിക്കുരുവിലും കേരള ഭൂപടം തീർത്ത ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ആർ.എം. ശിവഗംഗക്ക് ഒന്നാം സ്ഥാനം. പാഴ്വസ്തു നിർമാണ പരിപാടിയിലാണ് ശിവഗംഗ ഒന്നാമതെത്തിയത്.
പാഴ് വസ്തുക്കൾകൊണ്ടുള്ള നിർമാണത്തിൽ ഒന്നാമതെത്തിയ ശിവഗംഗ
പഠന പ്രക്രിയയാണ് മത്സര വിഷയമെന്നതിനാൽ കേരളത്തിൽ റെയിൽപാത ഇല്ലാത്ത ജില്ലകളെ ചൂണ്ടിക്കാട്ടിയായിരുന്നു വെളുത്തുള്ളി തോടും മഞ്ചാടിക്കുരുവിലും കേരള ഭൂപടമുണ്ടാക്കിയത്. സമാനമായ എട്ട് നിർമാണ പ്രവൃത്തികൾ കൂടി ഹൈസ്കൂൾ വിഭാഗം നിർമാണ പ്രവർത്തിയിൽ ശിവഗംഗ ചെയ്തു. കലാകാരൻ സുധാകരൻ പടന്നയുടെ പരിശീലനം ലഭിച്ചിട്ടുണ്ട്.
ചലിക്കുന്ന പാവകൾ വേറിട്ടതായി
കാഞ്ഞങ്ങാട്: ശാസ്ത്രോൽസവത്തിലെ ചലിക്കുന്ന പാവകൾ വേറിട്ടതായി. മത്സരം നടന്ന ക്ലാസ് മുറി നിറയെ പാവകൾ ചലിച്ചപ്പോൾ അത് കാഴ്ചക്കാർക്ക് കൗതുകം കൂടിയായി. വിവിധ വർണത്തിലും രൂപത്തിലുമുള്ള പാവകളാണ് കുട്ടികളുടെ കരവിരുതിൽ പിറന്നത്.
നിർമിച്ച പാവകളുമായി ഹൈസ്കൂൾ വിദ്യാർഥികൾ
സൂചി, നൂൽ, തുണി, പലക, സോക്സ് ഉൾപ്പെടെ ഉപയോഗിച്ചാണ് പാവ നിർമിച്ചത്. മുഴുവൻ പ്രവൃത്തിയും മൂന്ന് മണിക്കൂർ സമയത്തിനുളളിൽതന്നെ സൂചിയിൽ കോർത്തെടുത്ത് പൂർത്തിയാക്കി. ഹൈസ്കൂൾ വിഭാഗത്തിന്റേതാണ് പാവ നിർമാണം. പലകയിൽ കെട്ടിയ സ്പ്രിങ് പാവയിൽ ഘടിപ്പിക്കുന്നതോടെ പാവകൾ ചലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

