കാട്ടുപന്നി ഇറച്ചി വിൽപന: ഒരാൾ അറസ്റ്റിൽ
text_fieldsരമേഷ്
കാഞ്ഞങ്ങാട്: വീട് കേന്ദ്രീകരിച്ച് കാട്ടുപന്നി ഇറച്ചി വിൽപന നടത്തുന്ന യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തു. കോടോം - ബേളൂർ പറക്കളായി കൊമ്പിച്ചിയടുക്കത്തെ രമേഷിനെയാണ് (36) പിടികൂടിയത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇറച്ചി സൂക്ഷിച്ച റഫ്രിജറേറ്റർ, കടത്താനുപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. ഒരുകിലോ ഇറച്ചിയാണ് വീട്ടിൽനിന്ന് കിട്ടിയത്.
ഒമ്പതു കിലോ വിൽപന നടത്തിയതായി രമേഷ് വനപാലകരോട് പറഞ്ഞു. ചട്ടഞ്ചാൽ ഭാഗത്തുനിന്ന് നായാട്ട് നടത്തിയാണ് ഇറച്ചി കൊണ്ടുവന്നതെന്നാണ് വിവരം. രഹസ്യവിവരം ലഭിച്ചാണ് വനപാലകർ വീട്ടിൽ പരിശോധന നടത്തിയത്. നേരത്തെ ഇറച്ചി കടത്തുന്നതിനിടെ കാർ സഹിതം രമേഷിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022ലാണ് സംഭവം.പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

