മലയോര യാത്രക്ക് ചെലവ് കുറയുമെന്ന് പ്രതീക്ഷ; ആര്.ടി.എ യോഗം 19ന്
text_fieldsകാഞ്ഞങ്ങാട്: ആര്.ടി.എ യോഗം 19ന് നടക്കാനിരിക്കെ കൊന്നക്കാട്, കാലിച്ചാനടുക്കം ഉൾപ്പെടെ മലയോര ഗ്രാമങ്ങളിലേക്കുള്ള ബസ് ചാര്‍ജ് കുറയുമെന്ന് പ്രതീക്ഷ.
കലക്ടര്‍ കെ. ഇമ്പശേഖറുടെ സാന്നിധ്യത്തിൽ ചേരുന്ന ആര്.ടി.എ യോഗം 91 അജണ്ടകളിൽ 79ാമതായാണ് ഇത് പരിഗണിക്കുന്നത്. കാഞ്ഞങ്ങാട്, മാവുങ്കാൽ, ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട് റൂട്ടിലെയും ഏഴാംമൈൽ, എണ്ണപ്പാറ, തായന്നൂര്‍, കാലിച്ചാനടുക്കം റൂട്ടിലെയും അശാസ്ത്രീയ ഫെയര്സ്റ്റേജുകളാണ് പരിഷ്കരിക്കുന്നത്. ബസുടമകളുടെ ആവശ്യപ്രകാരം പാണത്തൂര്‍ റൂട്ടിലെ സ്റ്റേജും പുനഃക്രമീകരിക്കും. ഒരുമാസത്തിനകം തീരുമാനം പ്രസിദ്ധീകരിക്കും.
മലയോരത്തേക്കുള്ള സ്വകാര്യ ബസുകളിൽ മാത്രം കിഴക്കുംകര സ്റ്റേജിന് പണം വാങ്ങുന്നെന്നും 1974ൽ നിശ്ചയിച്ച ഫെയര്‍സ്റ്റേജിൽ കിഴക്കുംകര ഇല്ലെന്നും ആരോപിച്ച് വിവരാവകാശ രേഖകൾ സഹിതം നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പിൽ പരാതിപ്പെട്ടിരുന്നു. സെപ്റ്റംബറിൽ മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കാൻ തുടങ്ങി. ഇതോടെ ബസുടമകളുടെ സംഘടന മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ച് തൽക്കാലം നിയമനടപടി സ്വീകരിക്കരുതെന്നും ഫെയര്‍സ്റ്റേജ് അളക്കും വരെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കാഞ്ഞങ്ങാട് എം.വി.ഐ എം. വിജയന്റെ നേതൃത്വത്തിൽ റൂട്ടുകൾ അളന്നു. ഇതിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ആര്.ടി.എ നടപടി സ്വീകരിക്കുക.
കാഞ്ഞങ്ങാട്, കൊന്നക്കാട് റൂട്ടിൽ അഞ്ചുരൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കാലിച്ചാനടുക്കത്തുനിന്ന് ഏഴാം മൈലിലേക്കുള്ള യാത്രക്കാര്‍ക്കും അഞ്ചുരൂപയുടെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒടയംചാൽ മുതൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും രണ്ട് രൂപയുടെ കുറവുവന്നേക്കും. നിലവിൽ പാണത്തൂര്‍, പേരിയ, കൊന്നക്കാട് റൂട്ടുകളിലെ ചില സ്വകാര്യ ബസുകൾ കൂടുതൽ ദൂരം സഞ്ചരിക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമായി ടിക്കറ്റ് നിരക്കിൽ ഇളവുനൽകാറുണ്ട്. ഫെയര്‍സ്റ്റേജിലെ അശാസ്ത്രീയത മാറ്റിയാൽ ഈ റൂട്ടുകളിൽ ചെറിയ ദൂരം സഞ്ചരിക്കുന്നവരുടെ യാത്രാച്ചെലവും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

