കാഞ്ഞങ്ങാട്ടെ റെയിൽവേ അവഗണന; പ്രൊട്ടക്ഷൻ ഫോറം പ്രതിഷേധം നാളെ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്റ്റേഷനോട് റെയിൽവേ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം തിങ്കളാഴ്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും പ്രഖ്യാപിച്ചു. സമരം വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികൾ. യാത്രക്കാരുടെ എണ്ണം വർധിക്കുകയും വരുമാനം കൂടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ് അനുവദിക്കുകയുമാണ് റെയില്‍വേയിലെ പതിവെങ്കിലും കാഞ്ഞങ്ങാട്ട് അതുണ്ടാകുന്നില്ല.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്. ആദ്യം അന്വേഷണ കൗണ്ടര്‍ നിര്‍ത്തലാക്കി. പിന്നാലെ റിസര്‍വേഷനുള്ള പ്രത്യേക കൗണ്ടര്‍ നിര്‍ത്തലാക്കി. പാര്‍സല്‍ ബുക്കിങ്ങും പിന്‍വലിച്ചു. നേരത്തെ കാഞ്ഞങ്ങാട് സ്റ്റോപ് ഉണ്ടായിരുന്ന മംഗള-ലക്ഷദ്വീപ് 12618 വണ്ടിയുടെ തെക്കുഭാഗത്തേക്കുള്ള സ്റ്റോപ് നിര്‍ത്തലാക്കി പകരം നീലേശ്വരം സ്റ്റേഷനില്‍ സ്റ്റോപ് ഏര്‍പ്പെടുത്തി.
നിലവില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ ആവശ്യത്തിന് ട്രെയിനില്ലാതെ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന 16336 ഗാന്ധിധാം എക്സ്പ്രസ്, 02198/02197 നമ്പര്‍ ജബല്‍പുര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ്, 12201/ 12202 ലോകമാന്യ തിലക് -തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്സ്പ്രസ്, 16355/ 16356 നമ്പര്‍ തിരുവനന്തപുരം നോര്‍ത്ത് ബംഗളൂരു ജങ്ഷന് അന്ത്യോദയ എക്സ്പ്രസ്, 22149/ 22150 എറണാകുളം സൗത്ത് -പുണെ ജങ്ഷന് സൂപ്പര്‍ഫാസ്റ്റ്, 19259/ 19260 തിരുവനന്തപുരം നോര്‍ത്ത് ബാവാ നഗര്‍ എക്സ്പ്രസ്, 22113/ 22114 ലോകമാന്യതിലക് തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16857/ 16858 മംഗളൂരു-പുതുച്ചേരി എക്സ്പ്രസ് തുടങ്ങിയ ഏതാനും വണ്ടികള്‍ക്ക് പുതിയതായി കാഞ്ഞങ്ങാട് സ്റ്റോപ് ഏര്‍പ്പെടുത്തുകയോ ഷോര്‍ണൂര്‍-കണ്ണൂര്‍ എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുകയോ കണ്ണൂര്‍വരെയുള്ള എക്സിക്യൂട്ടിവ് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടുകയോ ചെയ്താല്‍ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകും.
പെരിയ കേന്ദ്ര സര്‍വകലാശാല, പെരിയ നവോദയ വിദ്യാലയം, ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം, തീർഥാടന കേന്ദ്രങ്ങളായ ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, പ്രകൃതിസ്നേഹികളുടെ ഊട്ടിയായ റാണിപുരം, കോടഞ്ചേരി, കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരി തുടങ്ങിയ ഇടങ്ങളിലേക്ക് പോകാനും വരാനും സഞ്ചാരികള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. തിങ്കളാഴ്ച മൂന്നു മണിക്ക് മാന്തോപ്പ് മൈതാനിയിൽനിന്ന് മാർച്ച് ആരംഭിക്കും. നാലിന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് മാനുവൽ കുറിച്ചിത്താനം, സി.കെ. നാസർ കാഞ്ഞങ്ങാട്, അഹമ്മദ് കീർമാണി, ദിലീപ് മേടയിൽ, അബ്ദുറസാക്ക് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

