ശാസ്ത്രത്തെ അടുത്തറിയാൻ ക്വാണ്ടം സയൻസ് പ്രദർശനം
text_fieldsഎക്സിബിഷനിൽ തയാറാക്കിയ ക്വാണ്ടം പൂച്ച
കാഞ്ഞങ്ങാട്: ക്വാണ്ടം സയൻസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത് ലൂക്ക വെബ് പോർട്ടലും കാഞ്ഞങ്ങാട് നെഹ്റു കോളജിൽ സംഘടിപ്പിച്ച ക്വാണ്ടം സെഞ്ച്വറി പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്ക്.
കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽ.ഇ.ഡി ലൈറ്റുകൾ, സൗരോർജം വൈദ്യുതിയാക്കുന്ന സോളാർപാനലുകൾ, ടെലിവിഷൻ, വിവിധ ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചികിത്സരംഗത്ത് ഉപയോഗിക്കുന്ന ലേസറുകൾ, എം.ആർ.ഐ, പി. ഇ.ടി സ്കാനറുകൾ, ഭൂമിയുടെ സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ജി.പി.എസ്, ഇലക്ട്രോൺ മൈക്രോസ്കോപ് എന്നിങ്ങനെ മനുഷ്യജീവിതത്തെ വിപ്ലവകരമായ പരിവർത്തനത്തിലേക്ക് വഴിനടത്തിയ ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങൾക്ക് പിന്നിലെ സയൻസിനെ അടുത്തറിയാനുള്ള അവസരമാണ് ആറു ദിവസത്തെ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
എക്സിബിഷൻ, പരീക്ഷണങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാണ്. ക്വാണ്ടം പ്രതിഭാസങ്ങളും ആശയങ്ങളും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ അക്കാദമികചർച്ചകളും സാധാരണക്കാരുടെ അനുഭവമാക്കുന്നതിന് പ്രദർശനം ഉപകരിക്കും. ഒമ്പതുവരെയാണ് പ്രദർശനം.
വാതക-മൂലകങ്ങളെ പരിചയപ്പെടുത്തൽ
കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സിന്റെ ആശയങ്ങള്‍ കൊണ്ടുമാത്രം വിശദീകരിക്കാന്‍ കഴിയുന്ന പീരിയോഡിക് ടേബിള്‍ അതിന്റെ വലിയ മാതൃകയിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രദര്‍ശനത്തില്‍ ശ്രമിച്ചിട്ടുണ്ട്. ലഭ്യമായ മൂലകങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കാനും ശ്രമമുണ്ടായി. വിവിധ മൂലകങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകുന്നതെങ്ങനെ എന്ന് കാണിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണില്‍ എവിടെയെല്ലാം വിവിധ മൂലകങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന എക്സിബിറ്റാണ് ഒരുക്കിയത്.
വിവിധ വാതക മൂലകങ്ങളിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന വര്‍ണരാജികളെയും വാൻഡിഗ്രാഫ് ജനറേറ്റർ ഉപയോഗിച്ച് കൊറോണ ഡിസ്ചാര്‍ജ് സൃഷ്ടിച്ചും സ്റ്റാറ്റിക് ചാർജുമൂലം ഉണ്ടാകുന്ന ചെറിയ ഷോക്ക് കൊടുത്തും കുട്ടികളെയും മുതിർന്നവരെയും പാർട്ടിക്കിൾ ആക്സിലറേറ്ററുകളെ പരിചയപ്പെടുത്തി. വെർച്വൽ റിയാലിറ്റിയുടെ മാസ്മരിക അനുഭവത്തിലൂടെ സേണിലെ ആധുനിക പാർട്ടിക്കിൾ ആക്സിലറേറ്റര്‍ ഒരുക്കിയിട്ടുണ്ട്.
എക്സിബിഷന്റെ പ്രധാന ആകർഷണം ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് താഴ്ന്ന ഊഷ്മാവിൽ നടക്കുന്ന പരീക്ഷണങ്ങളാണ്. സൂപ്പർ കണ്ടക്ടറുകളുടെ പ്രവർത്തനം, മെയ്സ്നെർ എഫക്ട് മൂലമുള്ള മാഗ്നെറ്റിക് ലെവിറ്റേഷൻ, താഴ്ന്ന ഊഷ്മാവിൽ എൽ.ഇ.ഡികള്‍ക്കുണ്ടാകുന്ന നിറംമാറ്റം എന്നീ പരീക്ഷണങ്ങൾ ഗഹനമായ ശാസ്ത്രത്തെ വളരെ ലളിതമായ പരീക്ഷണങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ സഹായിക്കുന്നു.
നേരിൽ കാണാം രാമൻ പ്രഭാവം
കാഞ്ഞങ്ങാട്: 1930ൽ ഇന്ത്യക്ക് ആദ്യ നൊബേൽ സമ്മാനം നേടിത്തന്ന രാമൻപ്രഭാവം നേരിൽ കാണിക്കാനുള്ള പരീക്ഷണ സംവിധാനം തയാറാക്കിയാണ് പ്രദർശനത്തിനുള്ള ഒരുക്കം ആരംഭിച്ചത്. സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി, ഫോട്ടോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, ബയോടെക്നോളജി എന്നീ ഡിപ്പാർട്മെന്റുകളും സെന്‍റര്‍ ഫോർ അഡ്വാൻസ്ഡ് മെറ്റീരിയൽസ്, ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോ ടെക്നോളജി, ഫോറൻസിക്, എസ്.ടി.ഐ.സി എന്നീ സെന്ററുകളും സഹകരിച്ചാണ് എക്സിബിറ്റുകൾ.
ഒരുമുറിയിൽ നിറയുന്ന വലുപ്പമുള്ള 1980ലെ കമ്പ്യൂട്ടറും പ്രിന്ററും അതിന്റെ പരിമിതമായ സ്റ്റോറേജും ടെക്നോളജിയുടെ വികാസത്തെ ജനങ്ങളെ ബോധ്യപ്പെടുത്തി. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ക്വാണ്ടം കമ്പ്യൂട്ടറിന്റെ 3ഡി പ്രിന്റഡ് മോഡലിലൂടെ ഭാവിയിലെ കമ്പ്യൂട്ടിങ് എങ്ങനെ ആയിരിക്കും എന്ന ആശയം പ്രതിഫലിപ്പിക്കാന്‍ പ്രദർശനത്തിൽ സാധിച്ചു. കാലാവസ്ഥ പ്രവചനം, മരുന്നുകളുടെ ഡിസൈനിങ്, ബാങ്കിങ് തുടങ്ങി വിവിധമേഖലകളില്‍ ക്വാണ്ടം കമ്പ്യൂട്ടറുകൾ എങ്ങിനെ വിപ്ലവം സൃഷ്ടിക്കും എന്ന അറിവ് സന്ദർശകരിലേക്ക് എത്തിക്കാൻ ഉപകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

