ബി.ആർ.ഡി.സിയുടെ സ്ഥലങ്ങൾ ടൂറിസം പദ്ധതിക്ക് അനുയോജ്യം
text_fieldsകാഞ്ഞങ്ങാട്: ആഭ്യന്തര ടൂറിസം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അജാനൂർ ഗ്രാമ പഞ്ചായത്ത് ടൂറിസം പദ്ധതി തയാറാക്കി വരുന്നു. ബി.ആർ.ഡി.സിയുടെ യുടെ കൈവശമുള്ള 35 സ്ഥലം ടൂറിസം പദ്ധതിക്ക് അനുയോജ്യമെന്നാണ് പഞ്ചായത്തിെൻറ കണ്ടെത്തൽ. ഇതുവഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കിഴക്ക് മഞ്ഞംപൊതി കുന്നും പടിഞ്ഞാറ് ചിത്താരി പുഴയുടെ ഓരങ്ങളോട് ചേർന്ന കൊത്തിക്കാൽ, അറബി കടലിെൻറ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ചിത്താരി കടപ്പുറവും വൻ ടൂറിസ്റ്റ് സാധ്യതകളാണ് വഴി തുറക്കുന്നത്.
കൂടാതെ മഞ്ഞംപൊതി കുന്നിന് താഴെയുള്ള മഹാ ശിലായുഗ സ്മാരകമായ ഗുഹ, ചരിത്ര പ്രാധാന്യമുള്ള മടിയൻ കൂലോം, മതമൈത്രിയുടെ സന്ദേശമുണർത്തുന്ന അതിഞ്ഞാൽ പള്ളി, രാവണീശ്വരം പെരുംതൃക്കോവിലപ്പൻ ക്ഷേത്രം, കുമ്മണാർ കളരി, കുദ്രു മുകാംബിക ക്ഷേത്രം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അജാനൂരിെൻറ പ്രത്യേകതകൾ. ഈ കേന്ദ്രങ്ങളെയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകാൻ പോകുന്നത്.
പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് കൊത്തിക്കാൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. വിനോദ സഞ്ചാരത്തിനു വേണ്ടി കേരളത്തിലെ മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന ആളുകളെ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി ഇവിടേക്ക് ആകർഷിക്കാൻ പദ്ധതികൾ തയാറാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോക്ടർ സി. ബാലൻ അജാനൂരിലെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തി. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ. മീന, ഷീബ ഉമ്മർ, ഡി.ടി.പി.സി സെക്രട്ടറി ബിജു, മുൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മുരളീധരൻ ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ചെയർമാൻ എം.ബി. അഷ്റഫ്, സാദ്ദിഖ് പി. എം, കാഞ്ഞങ്ങാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡൻറ് സി. ബാലകൃഷ്ണൻ, അരവിന്ദൻ മാണിക്കോത്ത്, ടൂറിസം മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.