കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാർസൽ ബുക്കിങ്
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനും വ്യാപാര കേന്ദ്രവുമായ കാഞ്ഞങ്ങാട്ട് പാർസൽ അയക്കുന്ന സംവിധാനം നിർത്തി. ക്യൂ.ആർ കോഡുള്ള റെയിൽവേ സ്റ്റേഷനുകളിൽ മാത്രം പാർസൽ സംവിധാനം പരിമിതപ്പെടുത്തിയതിന്റെ ഭാഗമാണ് നടപടി.
ക്യൂ.ആർ കോഡില്ലാത്തതിനാൽ പാർസൽ എടുക്കാനോ ഇവിടേക്ക് വരുന്ന പാർസലുകൾ ഡെലിവറി ചെയ്യാനോ കഴിയില്ല. കാസർകോട്ടും പയ്യന്നൂരും ക്യൂ.ആർ കോഡ് സംവിധാനമുള്ളതിനാൽ അവിടങ്ങളിൽ കൊണ്ടുപോയി വേണം കാഞ്ഞങ്ങാട്ടുകാർക്ക് ഇനി മുതൽ പാർസൽ അയക്കാൻ. നാലു പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വഴിയാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പാർസൽ അയക്കുന്നത്. മറ്റു പാർസലുകളും ഇപ്രകാരം അയക്കുന്നു. ക്യൂ.ആർ കോഡ് വഴി അയക്കാമെങ്കിലും ക്യൂ.ആർ കോഡ് സംവിധാനം കാഞ്ഞങ്ങാട്ടില്ലാത്തതിനാൽ ഇനി മുതൽ അയക്കാനാവില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന മാന്വൽ ബുക്കിങ് തുടരുകയോ ക്യൂ.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ഡിവിഷൻ റെയിൽവേ മാനേജർക്കയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.

