കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫ് (32) കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി ഇർഷാദിനെ കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഇർഷാദിനെ ആറ് ദിവസത്തേക്കാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
ഔഫിെൻറ കൊലപാതകം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കേസിൽ ഗൂഢാലോചന ഉൾപ്പടെ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇർഷാദിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയാണ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ അപേക്ഷ സമർപ്പിച്ചത്. ബുധനാഴ്ച അപേക്ഷ പരിഗണിച്ച കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.