വീടുകൾ കീഴടക്കാനെത്തി ഓട്ടുറുമകള്‍
text_fieldsകാഞ്ഞങ്ങാട്: മഴ കനത്തതോടെ വീട് പിടിക്കാനെത്തി ഓട്ടുറമകൾ. റബര്‍ മരങ്ങളുടെ വാടിയ തളിരിലകള്‍ ആഹാരമാക്കിയും വീണുകിടക്കുന്ന കരിയിലകള്‍ക്കിടയില്‍ മുട്ടയിട്ടുമാണ് ഓട്ടുറമകൾ ജീവിക്കുന്നത്. മുപ്ലിവണ്ടെന്നും കരിഞ്ചെള്ളെന്നുമൊക്കെ പേരുകളുണ്ടിതിന്.
റബറിന്റെ ഇലപൊഴിയും കാലത്തു തുടങ്ങി മഴക്കാലം വരെയാണ് ഇവയുടെ വ്യാപനകാലം. മഴയും തണുപ്പും ഇവയ്ക്ക് പ്രതികൂലമായതിനാല്‍ മഴ പെയ്തുതുടങ്ങുമ്പോള്‍ നേരെ തൊട്ടടുത്ത വീടുകളിലേക്ക് ചേക്കേറും. മുന്‍കാലങ്ങളില്‍ ഓടിട്ട വീടുകളിലെ മേല്‍ക്കൂരയിലൊട്ടി നിൽക്കുകയായിരുന്നു പതിവ്. തീയോ വെളിച്ചമോ കണ്ടാല്‍ നേരെ അതിനടുത്തേക്ക് പറന്നുവീഴും. മുറിക്കകത്ത് വെളിച്ചത്തിരുന്ന് ഭക്ഷണം കഴിക്കാനോ പാകംചെയ്യാനോ പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്.
ഇവയില്‍നിന്നുള്ള രൂക്ഷഗന്ധമുള്ള സ്രവം ദേഹത്തുവീണാല്‍ ശക്തികുറഞ്ഞ ആസിഡ് വീണതുപോലെ അവിടം പൊള്ളുന്ന അവസ്‌ഥയുമുണ്ട്. മലയോരമേഖലയില്‍ പലയിടത്തും ആദ്യമഴക്കാലത്ത് സന്ധ്യാസമയമാകുമ്പോള്‍ വീടിനകത്തെ വിളക്കുകളെല്ലാം അണച്ച് പുറത്ത് തീയിടാറുണ്ട്.
റബര്‍ തോട്ടങ്ങളും നാട്ടിന്‍പുറങ്ങളും പിന്നിട്ട് ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ പോലും ഓട്ടുറുമകള്‍ പെരുകിയിരിക്കുന്നു. ഉയര്‍ന്ന പ്രത്യുൽപാദനശേഷിക്കും ഭക്ഷണത്തിന്റെ ലഭ്യതക്കുമൊപ്പം കേരളത്തിലെ സാഹചര്യത്തില്‍ പ്രകൃതിദത്തമായ ശത്രുജീവികള്‍ തീരെ ഇല്ലാത്തതുമാണ് ഇവ ക്രമാതീതമായി പെരുകാന്‍ വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

