നിരക്ക് കുറക്കാത്ത ബസുകൾക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
text_fieldsകാഞ്ഞങ്ങാട് ജോയന്റ് ആർ.ടി.ഒ ഓഫിസിലെ എം.വി.ഐമാരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടിലെ അമ്പലത്തറയിൽ ബസുകൾ പരിശോധിക്കുന്നു.
കാഞ്ഞങ്ങാട്: യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കാസര്‍കോട് ആര്.ടി.ഒ ജി.എസ്. സജിപ്രസാദിന്റെ നിർദേശ പ്രകാരം കാഞ്ഞങ്ങാട് ജോയന്റ് ആർ.ടി.ഒ ഓഫിസിലെ എം.വി.ഐമാരായ എം. വിജയൻ, കെ.വി. ജയൻ എന്നിവരാണ് പരിശോധനക്കെത്തിയത്.
കാഞ്ഞങ്ങാട്, പാണത്തൂര്‍ റൂട്ടിൽ അമ്പലത്തറയിൽ വെള്ളിയാഴ്ച വൈകീട്ട് നിരവധി ബസുകൾ പരിശോധിച്ചു. പല ബസുകളും പഴയ പടി അമിത നിരക്ക് വാങ്ങുന്നതായി കണ്ടെത്തി. അമിത നിരക്ക് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് സൂചന. അമിത നിരക്ക് അവസാനിപ്പിക്കുന്നതുവരെയും നിയമനടപടി സ്വീകരിക്കാനാണ് ആർ.ടി.ഒയുടെ നിര്‍ദേശം.
നിരക്ക് കുറച്ച വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ബസ് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് അംഗീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് കൊന്നക്കാട്, ഏഴാംമൈൽ കാലിച്ചാനടുക്കം റൂട്ടുകളിലെ ബസ് നിരക്ക് കുറച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തെങ്കിലും ഇത് അംഗീകരിക്കില്ലെന്ന് കാട്ടി ബസുടമകളുടെ സംഘടന പ്രസ്താവന ഇറക്കിയിരുന്നു.
ഇതിന് പിന്നാലെ യാത്രക്കാര്‍ ബസ് ടിക്കറ്റ് സഹിതം പരാതിപ്പെട്ടു. ഇതോടെയാണ് നടപടി ആരംഭിച്ചത്. കാഞ്ഞങ്ങാട്നിന്ന് കയറുന്ന യാത്രക്കാരന് മാവുങ്കാൽ മുതൽ കല്ലംചിറ വരെ രണ്ട് മുതൽ മൂന്ന് രൂപ വരെയും വെള്ളരിക്കുണ്ട് മുതൽ കൊന്നക്കാട് വരെ അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഏഴാംമൈലിൽനിന്ന് കയറുന്നയാൾക്ക് മുക്കുഴിയിലേക്ക് മൂന്ന് രൂപയും കാലിച്ചാനടുക്കത്തേക്ക് അഞ്ചുരൂപയും കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

