അമ്മയും കുഞ്ഞും ആശുപത്രി; 25ന് ഒ.പിയും 31 മുതൽ പൂർണ ചികിത്സയും ആരംഭിക്കും
text_fieldsഅമ്മയും കുഞ്ഞും ആശുപത്രി
കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിക്ക് ഒടുവിൽ ശാപമോക്ഷം. ഈ മാസം 25 മുതൽ അമ്മയും കുഞ്ഞും ആശുപത്രിയിൽ ഒ.പി യുടെ പ്രവർത്തനം തുടങ്ങും. 31 മുതൽ പൂർണ തോതിൽ പ്രവർത്തന സജമാകും. ആരോഗ്യ മന്ത്രി വീണ ജോർജ് 25ന് എത്തും. ഉദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ ചെറിയ ചടങ്ങിലൊതുക്കി പ്രവർത്തനം തുടങ്ങാനാണ് പദ്ധതി.
9.40 കോടിയാണ് ആശുപത്രി കെട്ടിട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ ആറു കോടി സിവിൽവർക്കിനും 3.40 കോടി ഇലക്ട്രിക് വർക്കിനുമാണ് അനുവദിച്ചത്. 2019 ഫെബ്രുവരി മൂന്നിന് മന്ത്രി കെ.കെ. ശൈലജയാണ് അമ്മയും കുഞ്ഞും ആശുപത്രിക്ക് തറക്കല്ലിട്ടത്.
മൂന്ന് നിലകളിലായി 140 കിടക്കകളുള്ള കെട്ടിടമാണ് നിർമിച്ചത്. ആശുപത്രിയുടെ അഗ്നി സുരക്ഷ സംവിധാനം, ലിഫ്റ്റ്, എസി, ട്രാൻസ്ഫോമർ തുടങ്ങിയ പ്രവൃത്തികൾ നീണ്ടതും നിയമനം വൈകിയതും പ്രതിസന്ധി സൃഷ്ടിച്ചു. 196ഓളം തസ്തികകളിൽ ഏറെക്കുറെ സ്റ്റാഫുകളുടെ നിയമനം പൂർത്തിയായി. ഡോക്ടർമാർ, നഴ്സുമാരുടെയടക്കം നിയമിച്ചു.
ഇവർ ഇപ്പോൾ മറ്റ് ആശുപത്രികളിൽ താത്കാലിക ജോലിയിലാണ്. പ്രവർത്തന സജ്ജമാക്കുന്നതിന് തൊട്ട് മുമ്പായി അമ്മയും കുഞ്ഞും ആശുപത്രിയുടെ ചുമതല സർക്കാർ കാഞ്ഞങ്ങാട് നഗരസഭക്ക് കൈമാറി. വർഷങ്ങളായി സർക്കാർ പഴികേട്ട വിഷയത്തിലാണ് അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതോടെ പരിഹാരമാകുന്നത്.