കള്ളനോട്ടുസംഘത്തിന്റെ കൂടുതൽ തട്ടിപ്പ് പുറത്ത്
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്തെ കള്ളനോട്ട് കേസിൽ അറസ്റ്റിലായ പ്രതികൾ മറ്റൊരു തട്ടിപ്പുകേസിൽ കൂടി അറസ്റ്റിൽ. മംഗളൂരു സ്വദേശിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. നേരത്തെ അറസ്റ്റിലായ മൗവ്വൽ പരയങ്ങാനത്തെ സുലൈമാൻ (46), ഗുരുപുരത്തെ അബ്ദുൽ റസാക്ക് (45) എന്നിവർക്കെതിരെയാണ് കേസ്. മംഗളൂരു ഭാരതി നഗർ, ബേജായി ടാറ്റ ഷോറൂം ശ്രീആനന്ദകൃപയിലെ റോമെറ്റ് ഡിസൂസയുടെ പരാതിയിലാണ് കേസ്. ഇരുവരും നടത്തുന്ന മുംബൈ ആസ്ഥാനമായ കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നാലുമാസംകൊണ്ട് ഒരുകോടിയുടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.
കമ്പനിയുടെ സ്റ്റോർ റൂമിലാണ് പണം സൂക്ഷിച്ചതെന്നും വിശ്വസിപ്പിക്കാനായി 2000 രൂപയുടെ നോട്ടുകെട്ടുകളുടെ വിഡിയോയും അയച്ചുകൊടുത്തു. 2022ലാണ് ഇരുവരെയും ഡിസൂസ പരിചയപ്പെട്ടത്. എന്നാൽ, ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. സുലൈമാനും അബ്ദുൽ റസാക്കും കള്ളനോട്ട് കേസിൽ അറസ്റ്റിലായതോടെയാണ് റോമെറ്റ് ഡിസൂസയും പരാതിയുമായെത്തിയത്. അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷ് പ്രതികളെ കേസെടുത്തതിന് പിന്നാലെ ഈ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തു. പ്രതികളെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

