കളറായി ആനവണ്ടി; ടൂറിസത്തിന് മാത്രമായി ബസ്
text_fieldsടൂറിസം ബസിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: ആനവണ്ടി കളറായി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ടൂറിസം ആവശ്യത്തിന് കാഞ്ഞങ്ങാട് ഡിപ്പോക്ക് ബസ് അനുവദിച്ചു. ആദ്യ ബസിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു.
ചെമ്മട്ടംവയൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ അസി. ട്രാൻസ്പോർട്ട് ഓഫിസർ ആൽവിൻ ടി. സേവ്യർ അധ്യക്ഷത വഹിച്ചു. ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ കെ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. അസി. ഡിപ്പോ എൻജിനീയർ വി.എച്ച്. ദാമോദരൻ, കൺട്രോളിങ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ, കെ.എസ്.ആർ.ടി.സി ട്രേഡ് യൂനിയൻ പ്രതിനിധികൾ, പി. നന്ദകുമാർ, പി. രാജു, രാധാകൃഷ്ണൻ, ജയരാജൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പൽ ഓഫിസിന് മുന്നിൽ നഗരസഭ കൗൺസിലർമാരും ജീവനക്കാരും സ്വീകരണം നൽകി. കെ.എസ്.ആർ.ടി.സിയുടെ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിപ്പോക്ക് നഗരസഭയുടെ ഭാഗത്തുനിന്ന് എല്ലാസഹകരണവും നഗരസഭ ചെയർമാൻ വാഗ്ദാനംചെയ്തു. പൂർണമായും പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ് സർവിസ് ഉടൻ പ്രാവർത്തികമാകുമെന്നും ടൗൺ കേന്ദ്രീകരിച്ച് ജില്ല ആശുപത്രിവഴി സർക്കുലർ സർവിസ് ആരംഭിക്കണമെന്ന നഗരസഭ ചെയർമാന്റെ നിർദേശം നടപ്പിലാക്കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
2024 നവംബറിൽ ആരംഭിച്ച കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെൽ ഇതുവരെ ഏകദിന വിനോദയാത്രകളും ദീർഘദൂര വിനോദയാത്രകളും വിവാഹ -തീർഥാടനയാത്രകളും ഉൾപ്പെടെ 152 ട്രിപ്പുകൾ ഓപറേറ്റ് ചെയ്തു. 50 ലക്ഷം രൂപ ഡിപ്പോക്ക് ടിക്കറ്റിതര വരുമാനമായി നേടി. ചുരുങ്ങിയ ചെലവിൽ ജനകീയമായ ബജറ്റ് ടൂറിസം സെല്ലിന് വലിയ ഫാൻസ് ഗ്രൂപ്പുകളടക്കം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

