കാപ്പ കേസ്: അറസ്റ്റിലായ പ്രതിക്ക് ഇരട്ട പാസ്പോർട്ട്; കേസെടുത്തു
text_fieldsകാഞ്ഞങ്ങാട്: നിരവധി കേസുകളിൽ പ്രതിയായി കാപ്പ പ്രകാരം അറസ്റ്റിലായ യുവാവിന് ഇരട്ട പാസ്പോർട്ട്. അമ്പലത്തറ പറക്കളായി കാലിയടുക്കത്തെ റംഷീദിനെതിരെ (34) ഇരട്ട പാസ്പോർട്ട് കൈവശംവെച്ചതിന് അമ്പലത്തറ പൊലീസ് കേസെടുത്തു.
പ്രതി ഇപ്പോൾ ജയിലിലാണുള്ളത്. മുമ്പുണ്ടായിരുന്ന പാസ്പോർട്ടിലെ വിവരങ്ങൾ മറച്ചുവെച്ച് പ്രതി ബംഗളൂരുവിൽനിന്ന് വ്യാജ മേൽവിലാസത്തിൽ മറ്റൊരു പാസ്പോർട്ട് സമ്പാദിച്ചതായാണ് കണ്ടെത്തൽ.
കഴിഞ്ഞ സെപ്റ്റംബർ 23ന് കലക്ടറുടെ ഉത്തരവ് പ്രകാരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കാപ്പ പ്രകാരം അറസ്റ്റിലായ പ്രതി കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ പക്കൽനിന്ന് പൊലീസ് പാസ്പോർട്ട് കണ്ടെത്തിയിരുന്നു.കർണാടക പുത്തൂർ സ്വദേശിയെന്ന മേൽവിലാസത്തിലായിരുന്നു പാസ്പോർട്ട്.
പ്രസ്തുത പാസ്പോർട്ട് സംബന്ധിച്ച് പൊലീസ് ഇൻറലിജൻസ് വിഭാഗം മേധാവിക്ക് അയച്ചുകൊടുക്കുകയും പരിശോധനയിൽ പ്രതിക്ക് കേരളത്തിലെ മേൽവിലാസത്തിൽ കായലടുക്കം താമസക്കാരനായി മുമ്പ് മറ്റൊരു പാസ്പോർട്ടുള്ളതായി വ്യക്തമായി.കേരള പാസ്പോർട്ടിന്റെ കാലാവധി തീർന്നതിനുപിന്നാലെ പ്രതി കർണാടക പാസ്പോർട്ട് സമ്പാദിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

