കാഞ്ഞങ്ങാട് നഗരസഭ; യു.ഡി.എഫിനെ എം.പി. ജാഫർ നയിക്കും
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്‍ലിം ലീഗിൽ സ്ഥാനാർഥിനിർണയ ചർച്ച അന്തിമഘട്ടത്തിൽ. തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവും മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റുമായ എം.പി. ജാഫർ യു.ഡി.എഫിനെ നയിക്കും. ബല്ല കടപ്പുറം ഒന്നാം വാർഡിൽനിന്നാണ് ജാഫർ ജനവിധി തേടുന്നത്. ജാഫർ ചെയർമാൻ സ്ഥാനാർഥിയെന്ന് അനൗദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസം നടക്കും.
നേരത്തെ മൂന്നുതവണ ഇതേ വാർഡിൽനിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട് ജാഫർ. മൂന്നുതവണ ജനപ്രതിനിധികളായവർ മാറിനിൽക്കണമെന്ന മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ ഇളവുണ്ടായത് മത്സരിക്കുന്നതിന് ജാഫറിന് തുണയായി. മൂന്നുതവണ ജനപ്രതിനിധികളാവുകയും പാർട്ടിയുടെ തീരുമാനപ്രകാരം കഴിഞ്ഞതവണ മത്സരിക്കാതിരിക്കുകയും ചെയ്തവരെ ഇത്തവണ വീണ്ടും പരിഗണിക്കാമെന്ന തീരുമാനമാണ് ജാഫറിന് അനുകൂലമായത്. നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനമുൾപ്പെടെ വഹിച്ചതിന്റെ പരിചയവും ജാഫറിന് മുതൽക്കൂട്ടായി.
മൂന്നിൽ കൂടുതൽ തവണ ജനപ്രതിനിധികളായവർക്ക് മത്സര വിലക്കുള്ളതിനാൽ നാലുതവണ മത്സരിച്ച മുൻ നഗരസഭ ചെയർമാൻ അഡ്വ. എൻ.എ. ഖാലിദ്, മുൻ സ്ഥിരംസമിതി അധ്യക്ഷൻ കെ. മുഹമ്മദ് കുഞ്ഞി, വനിത ലീഗ് പ്രസിഡന്റ് ഖദീജ ഹമീദ്, തുടർച്ചയായി മൂന്നു ടേം പൂർത്തിയാക്കിയ ടി.കെ. സുമയ്യ അടക്കമുള്ളവർക്ക് ഇത്തവണ മത്സരിക്കാൻ അവസരമില്ലെന്നാണ് സൂചന. ഇത്തവണ പുതുമുഖപ്പടയാവും മുസ്‍ലിം ലീഗിൽ കൂടുതലായും മത്സരരംഗത്തുണ്ടാവുക. നിലവിലുള്ള കൗൺസിലർ സെവൻസ്റ്റാർ അബ്ദുറഹിമാൻ, ട്രഷറർ സി.കെ. റഹ്‌മത്തുല്ല, മുനിസിപ്പൽ ലീഗ് സെക്രട്ടറി ഷംസുദ്ദീൻ ആവിയിൽ, അബ്‌ദുല്ല പടന്നക്കാട്, മൊയ്‌തു പുഞ്ചാവി, ഹുസൈൻ ഹോസ്‌ദുർഗ് കടപ്പുറം എന്നിവർ വിവിധ വാർഡുകളിൽ സ്ഥാനാർഥികളാവുമെന്നാണ് സൂചന.
കുളിയങ്കാൽ കവ്വായി വാർഡിൽ സക്കീന കോട്ടക്കുന്നിനാണ് പ്രഥമപരിഗണന. ആറങ്ങാടി നിലാങ്കര വാർഡിലും പടിഞ്ഞാർ കണിയാങ്കുളം വാർഡിലും തീരുമാനമായിട്ടില്ല. ലീഗ് ശക്തികേന്ദ്രമായ ആവിയിൽ വാർഡ് ഇത്തവണ എസ്.സി-എസ്.ടി സംവരണമാണ്. ഇവിടെ മുൻ സർക്കാർ ജീവനക്കാരനായിരുന്ന ശിവരാമനാണ് മുസ്‍ലിം ലീഗ് സ്ഥാനാർഥി. മത്സരിക്കാൻ യുവനിര പലരും താൽപര്യമറിയിച്ചെങ്കിലും മണ്ഡലം കമ്മിറ്റിയുടെ തീരുമാനമാകും അന്തിമം.
ചില വാർഡുകളിൽ മുസ്‍ലിം ലീഗും കോൺഗ്രസും അവകാശവാദവുമായി രംഗത്തുണ്ട്. ലീഗ് കഴിഞ്ഞതവണ മത്സരിച്ച കുശാൽനഗർ വാർഡിൽ കോൺഗ്രസ് അംഗം സ്ഥാനാർഥിയായി രംഗത്തുവന്നു.
കഴിഞ്ഞതവണ കോൺഗ്രസിലെ തസ്‍ലീമ നസ്റി മത്സരിക്കുകയും അട്ടിമറിയിലൂടെ ബി.ജെ.പിയിലെ വന്ദന ബൽരാജ് വിജയിക്കുകയും ചെയ്ത ഹോസ്ദുർഗ് വാർഡിൽ മുസ്‍ലിം ലീഗിലെ റഷീദ് മത്സരിക്കാൻ രംഗത്തുവന്നതോടെയാണ് തൊട്ടടുത്ത വാർഡായ കുശാൽനഗറിൽ കോൺഗ്രസ് സ്ഥാനാർഥി വന്നത്. മുസ്‍ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള ഹോസ്ദുർഗ് വാർഡിൽ കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ചത് യു.ഡി.എഫ്-സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞതുമൂലമാണെന്ന് ആരോപണമുയർന്നിരുന്നു.
കോൺഗ്രസ് സ്ഥാനാർഥിനിർണയം ഇനിയും പൂർത്തിയാക്കിട്ടില്ല. കോൺഗ്രസ്-മുസ്‍ലിം ലീഗ് ഉഭയകക്ഷി ചർച്ച ഇനിയും നടന്നിട്ടില്ല. 43 വാർഡുണ്ടായ നഗരസഭയിൽ ഇത്തവണ നാലെണ്ണം വർധിച്ച് 47 ആയി. പുതുതായി വന്ന നാലു വാർഡുകളെച്ചൊല്ലി കോൺഗ്രസ്-മുസ്‍ലിം ലീഗ് തർക്കം നിലനിൽക്കുന്നു. ഭൂരിഭാഗം സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിലാവട്ടെ, സ്ഥാനാർഥിനിർണയം എങ്ങുമെത്തിയിട്ടില്ല. മുതിർന്ന നേതാക്കളിൽ പലരും സീറ്റിനായി കളത്തിലിറങ്ങി. മുൻ ചെയർമാൻ വി.വി. രമേശനെ സി.പി.എം വീണ്ടും കളത്തിലിറക്കിയതോടെ കരുതലോടെയാണ് യു.ഡി.എഫ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

