ആഫ്രിക്കൻ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി നാട്
text_fieldsകരീം പള്ളത്തിൽ വീട്ടുപരിസരത്തെ ഒച്ചിനെ കൂട്ടിയിട്ട് ഉപ്പിട്ട് നശിപ്പിക്കുന്നു
കാഞ്ഞങ്ങാട്: ആഫ്രിക്കൻ ഒച്ചിനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. ബേക്കൽ മൗവ്വൽ, ചാമുണ്ഡിക്കുന്ന് മരമില്ല് പരിസരം, ചിത്താരി കൊട്ടിലങ്ങാട്, മൊഗ്രാൽ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒച്ചുശല്യം വ്യാപകമാണ്. വെയിലത്ത് മാലിന്യത്തിനിടയിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രിയോടെ കൂട്ടമായി വീട്ടുമുറ്റത്തും അടുക്കളവരെയും എത്തുന്നു. നേരംപുലർന്നാൽ വീട്ടുകാർ ഒച്ചിനെ കൂട്ടിയിട്ട് ഉപ്പ് വിതറി നശിപ്പിക്കുന്നത് പ്രദേശങ്ങളിൽ പതിവുകാഴ്ചയാണ്.ആരോഗ്യപ്രവർത്തകരോട് പരാതിപ്പെട്ടാൽ ബ്ലീച്ചിങ് പൗഡറോ ഉപ്പോ വിതറിയാൽ മതിയെന്നാണ് നിർദേശിക്കുന്നത്.
ആഫ്രിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന മരത്തടികൾക്കൊപ്പമാണ് ഒച്ച് എത്തുന്നതെന്നാണ് പറയുന്നത്. കോഴിമുട്ടയോളം വലുപ്പമുള്ള ഒച്ച് ശംഖ് തലയിൽ കൊമ്പുമായി നടന്നുനീങ്ങുന്നത് കൗതകമുള്ള കാഴ്ചയാണെങ്കിലും വിഷമുള്ള ഇത് ശരീരത്തിൽ കൊണ്ടാൽ ചൊറിച്ചിൽ അനുഭപ്പെടും.
ശാസ്ത്രിയരീതിയിൽ നശിപ്പിക്കാനും പൊതുജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ചുള്ള ആശങ്കയകറ്റാനും ആരോഗ്യവകുപ്പ് ഇടപെടണമെന്ന് പൊതുപ്രവർത്തകൻ കരീം പള്ളത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം ചിത്താരി ഭാഗത്ത് വ്യാപകമായി ഇവയെ കണ്ടിരുന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിക്കുകയാണ്. വരുംദിവസങ്ങളിൽ ഇവ പെരുകി ജനജീവിതം തന്നെ ദുഃസഹമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

