ചെയർപേഴ്സന്റെ സാന്നിധ്യത്തിൽ തള്ളിയ മാലിന്യം സി.പി.എം പ്രവർത്തകർ തിരികെ എടുപ്പിച്ചു
text_fieldsമേലാംകോട്ടിന് സമീപം ടിപ്പർ ലോറിയിൽ തള്ളിയ മാലിന്യം
കാഞ്ഞങ്ങാട്: റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളിയ മാലിന്യം സി.പി.എം പ്രവർത്തകർ തിരികയെടുപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ മേലാംകോട്, നെല്ലിക്കാട് റോഡരികിൽ വ്യാഴാഴ്ച എട്ടുമണിയോടെ തള്ളിയ മാലിന്യമാണ് തിരികെയെടുപ്പിച്ചത്.
ഫ്ലക്സ് ബോർഡുകളും പ്ലാസ്റ്റിക്കുകളും ഉൾപ്പെടെയുള്ള മാലിന്യമായിരുന്നു ലോറിയിൽ. സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നത് കണ്ട സി.പി.എം പ്രവർത്തകർ ഇത് ചോദ്യം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചെയർപേഴ്സൻ കെ.വി. സുജാതയുടെ നേതൃത്വത്തിലുള്ളവർ മാലിന്യം ഇവിടെ തള്ളുന്നതിൽ തെറ്റില്ലെന്ന് അറിയിച്ചതോടെ നാട്ടുകാർ കൂടുതൽ സംഘടിച്ച് എത്തി. നെല്ലിക്കാട്ടെ സി.പി.എം പ്രവർത്തകരായിരുന്നു സ്ഥലത്ത് സംഘടിച്ചത്.
പ്രശ്നം രൂക്ഷമായതോടെ സി.പി.എം നേതാക്കളായ അഡ്വ. അപ്പുക്കുട്ടനും എം. രാഘവനും ഉൾപ്പെടെ സ്ഥലത്തെത്തി. ചെയർപേഴ്സണിനെ അനുകൂലിച്ച് സി.പി.എം നേതാക്കൾ നിലപാടെടുത്തെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. തള്ളിയ മാലിന്യങ്ങൾ തിരിച്ചെടുത്തേ മതിയാകൂ എന്ന നിലപാടിലായിരുന്നു സി.പി.എം പ്രവർത്തകർ.
പ്രശ്നം രൂക്ഷമായതോടെ വെളിയാഴ്ച മാലിന്യം തിരിച്ചുകൊണ്ടു പോകാമെന്ന് ചെയർപേഴ്സൻ പറഞ്ഞു. ഇപ്പോൾതന്നെ മാലിന്യം തിരിച്ചെടുത്തേമതിയാകൂ എന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. ഇതോടെ മറ്റു മാർഗമില്ലാതെ ജെ.സി.ബി വിളിച്ചുവരുത്തി ഒമ്പതുമണിയോടെ നിക്ഷേപിച്ച മാലിന്യങ്ങൾ മുഴുവൻ ടിപ്പർ ലോറിൽ കയറ്റി തിരിച്ചുകൊണ്ടു പോവുകയായിരുന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നിത്യവും സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞദിവസം എൻ.എസ്.എസ് വളന്റിയർമാർ പരിസരം ശുചീകരിച്ച സ്ഥലത്ത് തന്നെയാണ് മാലിന്യം നിക്ഷേപിച്ചത് എന്നും നാട്ടുകാർ പറഞ്ഞു. നിക്ഷേപിച്ച മാലിന്യം തിരിച്ചെടുത്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നഗരസഭ ശേഖരിച്ച മാലിന്യമല്ല ഇതെന്നാണ് പ്രാഥമിക വിവരം .