ഹണിട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം തട്ടി; യുവതി ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കിയശേഷം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട് താമരക്കുഴി സ്വദേശിയുടെ പരാതിയിൽ ദിൽഷാദ്, സിദ്ദീഖ്, ലുബ്ന, ഫൈസൽ, കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് മേൽപറമ്പ പൊലീസ് കേസെടുത്തത്.
ഫോണിലൂടെ ലുബ്ന പരാതിക്കാരനെ പരിചയപ്പെട്ടതിന് ശേഷമാണ് തട്ടിപ്പിന് തുടക്കം. കഴിഞ്ഞ 25ന് ലുബ്ന പരാതിക്കാരനെ മംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽവെച്ച് ഇരുവരുമൊന്നിച്ചുള്ള നഗ്നചിത്രം മൊബൈലിൽ പകർത്തുകയായിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള വീട്ടിൽവെച്ച് ബലാത്സംഗം ചെയ്തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ആദ്യം ഗൂഗിൾ പേ വഴി 10000 രൂപ ഇവർ ഇയാളിൽനിന്ന് തട്ടിയെടുത്തു. വീണ്ടും ഭീഷണിപ്പെടുത്തി 26ന് 4,90,000 രൂപയും വാങ്ങിയെന്നാണ് പരാതി.

