ഹെപ്പറ്റൈറ്റിസ്; ജാഗ്രത നിർദേശം നൽകി ആരോഗ്യവിഭാഗം
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഹെപ്പറ്റൈറ്റിസ് എ വൈറസാണ് രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇത് പകരുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിനുശേഷം രണ്ടു മുതൽ ആറ് ആഴ്ചകൾക്കുശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങൾ സാധാരണയായി രണ്ടു മുതൽ 12 ആഴ്ച വരെ നീളും.
ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ
- മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം)
- ഇരുണ്ട നിറമുള്ള മൂത്രം
- കടുത്ത ക്ഷീണം
- ഓക്കാനം
- ഛർദി
- വയറുവേദന
- തലവേദന
- പേശിവേദന
- പനി
ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം
പ്രതിരോധ മാർഗങ്ങൾ
- മലമൂത്രവിസർജനം ശൗചാലയത്തിൽ മാത്രം.
- ആഹാരത്തിന് മുമ്പും മലമൂത്ര വിസർജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക.
- കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം.
- ഐസിന്റെ ശുചിത്വം ഉറപ്പുവരുത്താതെ കടകളിൽനിന്ന് വിൽപന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റുൽപന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
- മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകുന്നത് ഒഴിവാക്കുക.
- തൂവാല, തോർത്ത് മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കുവെക്കാതിരിക്കുക.
രോഗലക്ഷണം കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിൽ ചെന്ന് ചികിത്സതേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

