പാതിവില തട്ടിപ്പ്: അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കേസെടുത്തു
text_fieldsഅനന്തുകൃഷ്ണൻ
കാഞ്ഞങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും പകുതി വിലക്ക് ലാപ്ടോപ്, സ്കൂട്ടി, തയ്യൽ മെഷീൻ, സ്കൂൾ കിറ്റ് ഉൾപ്പെടെ വാഗ്ദാനം ചെയ്ത് മുക്കാൽ കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിൽ കാഞ്ഞങ്ങാട്ടും ബദിയഡുക്കയിലുമായി പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.
കാഞ്ഞങ്ങാട് മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ഇക്കണോമിക്സ് ഡെവലപ്മെന്റ് സംഘടനവഴി പണമടച്ച 106 പേർക്ക് സാധനങ്ങൾ ലഭിക്കാനുണ്ടെന്ന പരാതിയിൽ അനന്തുകൃഷ്ണൻ ഒന്നാം പ്രതിയും ആനന്ദകുമാർ രണ്ടാം പ്രതിയുമായാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. സംഘടന ഡയറക്ടർ മോനാച്ചയിലെ എം.വി. രാമകൃഷ്ണന്റെ (64) പരാതിയിലാണ് കേസെടുത്തത്. മൂന്നു തവണയായി 41 ലക്ഷം രൂപ അടച്ചതിന്റെ സാധനങ്ങൾ കിട്ടാനുണ്ടെന്നാണ് പരാതി. രാമകൃഷ്ണൻ മോനാച്ച ജില്ല പൊലീസ് മേധാവി, മുഖ്യമന്ത്രി എന്നിവർക്ക് നേരത്തേ പരാതി നൽകിയിരുന്നു.
39 സ്കൂട്ടറുകൾക്കും 67 ലാപ് ടോപ്പുകൾക്കുമായാണ് പണമടച്ചത്. നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനായ കെ.എൻ. ആനന്ദകുമാർ കോഓഡിനേറ്റർ അനന്തുകൃഷ്ണൻ എന്നിവരുടെ കമ്പനി അക്കൗണ്ടിലേക്ക് പണമയച്ചതായി പൊലീസിനെ അറിയിച്ചു.
2024 മാർച്ച് 26ന് 23,08,000 രൂപയും നവംബർ 15ന് 14,97,000 രൂപയും ഡിസംബർ രണ്ടിന് 2,99,000 രൂപയും എസ്.ബി.ഐ വഴി അടച്ചു. 41,04,000 രൂപയുടെ സാധനങ്ങൾ ഇനി ലഭിക്കാനുണ്ടെന്നാണ് പരാതി.
ബദിയഡുക്ക മാർത്തടുക്കയിലെ മൈത്രി ലൈബ്രറി റീഡിങ് റൂം എന്ന സംഘടനവഴി അപേക്ഷിച്ചവർക്ക് 30 ലക്ഷത്തിലേറെ രൂപ അടച്ചതിന്റെ സാധനങ്ങൾ ലഭിച്ചില്ലെന്ന പരാതിയിൽ ബദിയഡുക്ക പൊലീസും കേസെടുത്തു.
ലാപ്ടോപ്പിനുവേണ്ടി അടച്ച 5,35,000 രൂപയും മറ്റു സാധനങ്ങൾക്കായി അടച്ച 20,92,000 രൂപയുമടക്കം ഇവർക്ക് നഷ്ടമായിരുന്നു. 30,59,000 രൂപയുടെ സാധനങ്ങൾ ലഭിച്ചില്ലെന്ന് മൈത്രി പ്രസിഡന്റ് പ്രസാദ് ഭണ്ഡാരിയുടെ പരാതിയിൽ പറയുന്നു. അനന്തുകൃഷ്ണനെ മാത്രം പ്രതിചേർത്താണ് ബദിയഡുക്ക പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

