വീടിന്റെ പൂട്ടു തകർത്ത് സ്വർണാഭരണങ്ങൾ കവർന്നു
text_fieldsപടന്നക്കാട് കവർച്ച നടന്ന വീട്ടിൽ അലമാര തുറന്നിട്ട നിലയിൽ
കാഞ്ഞങ്ങാട്: ക്രിസ്മസ് പ്രമാണിച്ച് കുടുംബം രാത്രി കുർബാനക്ക് പള്ളിയിൽ പോയ സമയം കവർച്ച സംഘം വീടിന്റെ വാതിൽ പൂട്ട് തകർത്ത് സ്വർണാഭരണങ്ങൾ കവർന്നു. പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ രാത്രി 12നും പുലർച്ച 2.30നുമിടയിലാണ് കവർച്ച. കാഞ്ഞങ്ങാട്ടെ സ്കാനിങ് സ്ഥാപനത്തിലെ ഡ്രൈവർ പനയാത്തിൽ പി.കെ. ജോജിയുടെ വീട്ടിലാണ് സംഭവം.
ജോജിയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റായ ഭാര്യ മിനി ആന്‍റണിയും പടന്നക്കാട് ചർച്ചിൽ രാത്രി കുർബാനക്കു പോയതായിരുന്നു. വീടിന്‍റെ മുൻവശം വാതിൽ തകർത്ത കവർച്ച സംഘം കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണാഭരണങ്ങളും വെള്ളി അരഞ്ഞാണവും രേഖകളും കവർന്നു. അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
ഹോസ്ദുർഗ് പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി. സമീപത്തെ വീട്ടിലും കവർച്ച സംഘം കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. സമീപത്തെ ഹോട്ടലിലും മോഷ്ടാക്കൾ കയറിയിരുന്നു. പൊലീസിന് സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

