തോട്ട ഉപയോഗിച്ച് മീൻപിടിച്ച നാലുപേർ അറസ്റ്റിൽ; പിടിച്ചവയിൽ മിസ് കേരളയും
text_fieldsഅറസ്റ്റിലായ പ്രതികൾ
കാഞ്ഞങ്ങാട്: വംശനാശഭീഷണി നേരിടുന്ന മിസ് കേരള എന്നറിയപ്പെടുന്ന മത്സ്യത്തെ ഉൾപ്പെടെ തോട്ട ഉപയോഗിച്ച് പിടിച്ച നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. പ്രതികളെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ പാണത്തൂർ മഞ്ഞടുക്കം പുഴയിൽ അനധികൃതമായി കടന്നാണ് വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെട്ട മിസ് കേരള എന്നറിയപ്പെടുന്ന മീൻ ഉൾപ്പെടെ പലതരം പുഴമീനുകളെ പിടിച്ചത്.
തോട്ട ഉപയോഗിച്ചായിരുന്നു മീൻപിടിത്തം. ഭക്ഷ്യ ആവശ്യത്തിനുവേണ്ടി കൊല്ലുകയും പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷകരമായവിധം സ്ഫോടകവസ്തുവായ തോട്ട ഉപയോഗിക്കുകയും ചെയ്തതായി പ്രതികൾക്കെതിരെ കുറ്റംചുമത്തി. പാണത്തൂർ കരിക്കെ തോട്ടത്തിൽ താമസിക്കുന്ന യൂനസ് (36), നിയാസ് (29), പാണത്തൂർ പരിയാരത്തെ സതീഷ്, ബാപ്പുങ്കയത്തെ അനീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനത്തടി ഫോറസ്റ്റ് സെക്ഷൻ സ്റ്റാഫ് ബീറ്റ് സന്ദർശനത്തിനിടെയാണ് പ്രതികൾ പിടിയിലായത്.
കാഞ്ഞങ്ങാട് റേഞ്ച് ഓഫിസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 13 മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി. സേസപ്പ, ബീറ്റ് ഓഫിസർമാരായ വി.വി. വിനീത്, ജി.എഫ്. പ്രവീൺ കുമാർ, എം.എസ്. സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

