ജില്ല ജയിലിൽ ആക്രമണം; നാലു പ്രതികളെ മാറ്റിപ്പാർപ്പിച്ചു
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡ് പ്രതികൾ ഉദ്യോഗസ്ഥരെമർദിക്കുകയും പാത്രങ്ങൾ എറിഞ്ഞുടച്ച് നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണം നടത്തിയ നാലു പ്രതികളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജയിലധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
രണ്ടാഴ്ചമുമ്പ് രാത്രി കാഞ്ഞങ്ങാട് നഗരത്തിൽ പൂച്ചക്കാട് സ്വദേശി താജുദ്ദീനെയും അന്തർസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിർസാൻ എന്നിവർക്കെതിരെയാണ് കേസ്.
ജയിൽ ഓഫിസർ വി.ആർ. രതീഷിന്റെ പരാതിയിലാണ് കേസെടുത്തത്. രതീഷിനെയും മറ്റൊരു ജയിൽ ഓഫിസർ ജയകുമാറിനെയുമാണ് പ്രതികൾ ജയിലിൽ മർദിച്ചത്.
15നു രാവിലെ 10.30നാണ് സംഭവം. രണ്ടു പ്രതികൾ തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് നാലുപേരും ചേർന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി.
ബഹളമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. ഇവർ ജയിലിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ എറിഞ്ഞ് നശിപ്പിച്ചു. 3000 രൂപയുടെ നഷ്ടമുണ്ട്.
പ്രതികളിൽ ചിലർ കാപ്പ അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് അധികൃതർ പറഞ്ഞു.
ജയിലിലെ ആക്രമണത്തിനു പിന്നാലെ നാലു പ്രതികളെയും വെള്ളിയാഴ്ച വിവിധ ജയിലുകളിലേക്ക് മാറ്റി. ആഷിഖിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും ഷഫീഖിനെ കണ്ണൂർ ജില്ല ജയിലിലേക്കും റംഷീദിനെ സ്പെഷൽ ജയിൽ കണ്ണൂരിലേക്കും മാറ്റി. മിർസാനെ കോഴിക്കോട് ജില്ല ജയിലിലേക്കാണ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

