വ്യാജ സർട്ടിഫിക്കറ്റ് കേസ്; പ്രതികളെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും
text_fieldsരവീന്ദ്രൻ, സന്തോഷ് കുമാർ, ഷിഹാബ്
കാഞ്ഞങ്ങാട്: വ്യാജരേഖ നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പ്രതികളെയും പൊലീസ് കോടതി വഴി കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. ക്ലായിക്കോട് താമസിക്കുന്ന കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ പി. രവീന്ദ്രൻ (51), കൊവ്വൽ പള്ളിയിലെ കെ. സന്തോഷ് കുമാർ (45), ഹോസ്ദുർഗ് കടപ്പുറത്തെ ഷിഹാബ് (38) എന്നിവരെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പുതിയകോട്ടയിലെ ഇന്റർനെറ്റ് സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തിയശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി വ്യാജരേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രിന്റിങ് മെഷീൻ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് എസ്.ഐ ടി. അഖിലും സംഘവുമാണ് റെയ്ഡ് നടത്തിയത്. എസ്.ഐ ശാരങ്ധരന്റെ നേതൃത്വം നൽകി.
പുതിയകോട്ട ടൗണിലെ നെറ്റ് ഫോർ യു സൈബർ കഫേയിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജരേഖകൾ കണ്ടെത്തുകയായിരുന്നു. സർവകലാശാലയുടെ വ്യാജ സർട്ടഫിക്കറ്റുകൾ, ഐഡി കാർഡുകൾ, സ്കൂൾ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ഒട്ടേറെ വ്യാജ സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്.
ഷിഹാബിന്റെ വീട്ടിൽ റെയ്ഡ് നടത്തി നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജരേഖകൾ നിർമിക്കുന്ന പ്രിന്റിങ് ഉപകരണങ്ങളും കണ്ടെത്തി. സന്തോഷിന്റേതാണ് ഇന്റർനെറ്റ് കഫേ. രവീന്ദ്രൻ വിതരണക്കാരനാണ്. ഷിഹാബാണ് ഇവ നിർമിക്കുന്ന പ്രധാനിയെന്നും പൊലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഇവർ വ്യാജരേഖകളുണ്ടാക്കി വിതരണം ചെയ്തിട്ടുണ്ടെന്ന സംശയത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
സന്തോഷ് കുമാറിന്റെ സ്ഥാപനത്തിൽ രവീന്ദ്രൻ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി ഷിഹാബിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുക്കുകയും ഷിഹാബ് പ്രിന്റെടുക്കുകയാണ് പതിവെന്നും കണ്ടെത്തി. ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ, സർട്ടിഫിക്കറ്റുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

