കാഞ്ഞങ്ങാട് നഗരസഭക്ക് മാസ്റ്റർ പ്ലാൻ; ഡ്രോൺ സർവേ തുടങ്ങി
text_fieldsകാഞ്ഞങ്ങാട് നഗരസഭക്ക് പുതിയ മാസ്റ്റർ തയാറാക്കുന്നതിന് ഡ്രോൺ സർവ്വേ നടത്തുന്നു
കാഞ്ഞങ്ങാട്: നഗരസഭക്ക് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം നഗരസഭ പ്രദേശത്ത് ഡ്രോൺ സർവേ തുടങ്ങി. 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. നഗരസഭയുടെ പടിഞ്ഞാറേ വാർഡായ കുശാൽനഗറിൽ നിന്നാണ് സർവേ തുടങ്ങിയത്. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, വാർഡ് കൗൺസിലർ ആയിഷ, തദ്ദേശ വകുപ്പ് പ്ലാനിങ് വിഭാഗം അസി. ടൗൺ പ്ലാനർ ബൈജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സർവേ.
സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെയിൽ എന്ന സ്ഥാപനമാണ് സർവേ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ ഓഫ് ഇന്ത്യ നഗരസഭയുടെ ഭൂപടവും തയാറാക്കും. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. പരമാവധി 75 ലക്ഷം രൂപയാണ് ഇതിലൂടെ നഗരസഭകൾക്ക് അനുവദിക്കുക. രണ്ടു വർഷമാണ് കാലാവധി. രണ്ടു പതിറ്റാണ്ടിലേക്കുള്ള വികസന ആവശ്യങ്ങൾ കണ്ടെത്തി, അവക്കാവശ്യമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.
നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും പാതകൾ, പാലങ്ങൾ, മറ്റു നിർമിതികൾ എന്നിവ ക്രമീകരിക്കുന്നതിനും ഗതാഗത ശൃംഖലയൊരുക്കുന്നതിനും കൃഷി, മൃഗസംരക്ഷണം, വ്യവസായം, ടൂറിസം തുടങ്ങിയവക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തുന്നതിനും മാസ്റ്റർ പ്ലാൻ സഹായിക്കും. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭക്കായി തയാറാക്കിയ കരട് മാസ്റ്റർപ്ലാനിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയായിരിക്കും പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ശിവരാജ് കുമാർ, ചരൺരാജ്, പ്രശാന്ത് ഘോഷ്, വേണുഗോപാൽ എന്നിവർ ഡ്രോൺ സർവേക്ക് നേതൃത്വം നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

