ജില്ല ആശുപത്രി; കൂടുതൽ ഡോക്ടർമാർ വേണമെന്ന് ആവശ്യം ശക്തം
text_fieldsകാഞ്ഞങ്ങാട് ജില്ല ആശുപത്രിയുട ഒ.പി വിഭാഗം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ രോഗികളുടെ തിരക്കേറുന്നു. ചുമയും കഫക്കെട്ടുമായി എത്തുന്ന രോഗികളാണ് ഏറെയും. മറ്റു രോഗികൾ വേറെയും. ഓൺലൈൻ മുഖേന ടോക്കനെടുത്തവർ രാവിലെ ആശുപത്രിയിലെത്തും. ടോക്കൺ എടുക്കാതെവരുന്ന രോഗികൾക്ക് ഒ.പി വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഇവിടെയും വലിയ തിരക്കാണനുഭവപ്പെടുന്നത്. എട്ടു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ വേണ്ടിടത്ത് ജില്ല ആശുപത്രിയിൽ ഉള്ളത് ആറു തസ്തിക മാത്രം. അതിൽ സ്ഥിരം ഡോക്ടർമാരായി രണ്ടുപേർ മാത്രമാണുള്ളത്. ഇത് അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികൾക്ക് ദുരിതമാകുന്നുണ്ട്.
മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കേണ്ട അത്യാഹിതവിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിന് എട്ടു കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ വേണം. ഒഴിവുള്ള നാലു മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക നിയമനമാണുള്ളത്. പ്രവൃത്തിപരിചയം ഇല്ലാത്തവർ മാറിമാറിവരുന്നത് ചികിത്സയുടെ മേന്മയെ ബാധിക്കുന്നതായി കെ.ജി.എം.ഒ ജില്ല ആശുപത്രി യൂനിറ്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്.ജില്ല ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി അടക്കമുള്ള സ്പെഷലിസ്റ്റ് വിഭാഗം വന്നതോടെ അത്യാഹിതവിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
എന്നാൽ, സ്ഥിരം ഡോക്ടർമാർ ഇല്ലാത്തത് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനേയും ബാധിക്കുന്നു. ജില്ലയിൽ ഉക്കിനടുക്ക മെഡിക്കൽ കോളജിലടക്കം മതിയായ ചികിത്സയും ഡോക്ടർമാരുടെ സേവനവും ലഭ്യമായി തുടങ്ങാത്തതിനാൽ സാധാരണക്കാർ ജില്ല ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. വർഷത്തിൽ 150ലേറെ പോസ്റ്റ്മോർട്ടം ജില്ല ആശുപത്രിയിൽ നടക്കുന്നുണ്ട്. എന്നാൽ, ഫോറൻസിക് സർജന്റെ തസ്തിക അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.
അതേസമയം, കാഞ്ഞങ്ങാട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ തസ്തിക അനുവദിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയോഗം അനുമതി നൽകിയിട്ടുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജില്ല ആശുപത്രി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

