യുവതിയുടെ 97പവൻ സ്വര്‍ണവും 30 ലക്ഷവും തട്ടിയെടുത്തു; ചോദിക്കാന്‍ചെന്ന പിതാവിന് മർദനം
text_fieldsകാഞ്ഞങ്ങാട്: ഐ.ടി ബിസിനസ് പങ്കാളിത്തം വാഗ്ദാനംചെയ്ത് യുവതിയുടെ 30ലക്ഷവും 97പവനിലേറെ സ്വര്‍ണവും തട്ടിയെടുത്തു. തിരികെ ചോദിക്കാന്‍ ചെന്ന പിതാവിന് നേരെ അക്രമണം. അതിഞ്ഞാൽ കോയാ പള്ളിയിലെ എ.പി. കുഞ്ഞബ്ദുല്ലക്കാണ് (68) മര്‍ദനമേറ്റത്.
കുഞ്ഞബ്ദുല്ലയുടെ പരാതിയില്‍ കണ്ടത്തില്‍ അസൈനാരിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഐ.ടി പ്രൊജക്ടില്‍ നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുഞ്ഞബ്ദുല്ലയുടെ മകളില്‍നിന്ന് സ്വര്‍ണവും പണവും യുവദമ്പതികള്‍ തട്ടിയെടുത്തിരുന്നു.
ചെരുമ്പയിലെ അബുതാഹിറും ഭാര്യ താഹിറയുമാണ് സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നാണ് പരാതി. എന്നാല്‍ ലാഭവിഹിതമോ നിക്ഷേപിച്ച പണമോ ലഭിച്ചില്ല. ഇതോടെ യുവതിയുടെ പിതാവ് കുഞ്ഞബ്ദുല്ല ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ സ്വര്‍ണവും പണവും തിരിച്ചുനല്‍കാന്‍ ധാരണയായി. ഇതിനിടെ ദമ്പതികള്‍ വിദേശത്തേക്ക് കടന്നു.
കഴിഞ്ഞ ദിവസം കുഞ്ഞബ്ദുല്ല താഹിറയുടെ ചെരുമ്പയിലെ വീട്ടില്‍ പോകുകയും സ്വര്‍ണവും പണവും ആവശ്യപ്പെടുകയും ചെയ്തു. താഹിറയുടെ പിതാവ് കണ്ടത്തില്‍ അസൈനാര്‍ പ്രകോപിതനായി കുഞ്ഞബ്ദുല്ലയെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞബ്ദുല്ല കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.