സി.സി ടി.വി ദൃശ്യം തുണയായി; സ്കൂട്ടർ മോഷ്ടാവ് പിടിയിൽ
text_fieldsഅൻസാർ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സാഹസികമായി സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ഹോസ്ദുർഗ് പൊലീസ്. മൊഗ്രാൽ കൊപ്പളം ഹസീന മൻസിലിൽ എം. മുഹമ്മദ് അൻസാറാണ് (57) അറസ്റ്റിലായത്. ഒമ്പതിന് വൈകീട്ട് അഞ്ചിന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കവർച്ച ചെയ്ത പ്രതിയെയാണ് പൊലീസ് പിടികൂടിയത്.
മംഗളൂരുവിൽ പഠിക്കുന്ന അതിഞ്ഞാലിലെ അശ്മിൽ റഹ്മത്തുല്ലയുടെ വാഹനമാണ് കവർന്നത്. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഉള്ള മുഴുവൻ സി.സി ടി.വികളും രാത്രി ഒരു മണി വരെ പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ഒരാൾ മോഷണം പോയ സ്കൂട്ടർ കോട്ടച്ചേരി ജങ്ഷൻ വഴി അതിഞ്ഞാൽ തെക്കേപ്പുറംവരെ തള്ളിക്കൊണ്ടുപോകുന്നതായും അവിടെ വർക്ക് ഷോപ്പിൽ എത്തിച്ച് ലോക്ക് മാറ്റുന്നതായും മനസ്സിലായി.
പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ മൊഗ്രാലിൽ വെച്ച് മോഷ്ടിച്ച സ്കൂട്ടർ സഹിതം പ്രതിയെ പിടികൂടുകയുമായിരുന്നു. ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എ.എസ്.ഐ സൈഫുദ്ദീൻ, രമേശൻ, അജിത്, സംജിത് എന്നീ പൊലീസുദ്യോഗസ്ഥരുമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

