പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം
text_fieldsകാഞ്ഞങ്ങാട്: പ്രതിയെ അന്വേഷിച്ചെത്തിയ പാലക്കാട്ടെ ഇൻസ്പെക്ടറെയും പൊലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ദിവസം ഉച്ചക്ക് കൈനോത്താണ് സംഭവം. മങ്കര ഇൻസ്പെക്ടർ എ. പ്രതാപ് (50), സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനീഷ് (40) എന്നിവർക്കുനേരെ ജാസ് ക്ലബിന് മുൻവശത്ത് വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇബ്രാഹിം ബാദുഷക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസിലെ പ്രതിയാണ്.
ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തുമ്പോൾ ഇബ്രാഹിം ബാദുഷ കാറിൽ ഇരിക്കുകയായിരുന്നു. ഇൻസ്പെക്ടറെയും സംഘത്തെയും കണ്ടപ്പോഴാണ് ബാദുഷ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇരുവരും മാറി നിന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നുവെന്ന് പറയുന്നു. ഇബ്രാഹിം ബാദുഷക്കെതിരെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

