ബസ് നിരക്ക് കുറച്ചില്ലെങ്കിൽ നടപടി സ്വീകരിക്കും
text_fieldsകാഞ്ഞങ്ങാട്: മലയോര റൂട്ടുകളിലെ ബസ് നിരക്ക് കുറച്ച കാസർകോട് ആർ.ടി.എ തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ഇനി നടപടിയുണ്ടാകും. അധിക നിരക്ക് വാങ്ങുന്നതായി പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാൻ കാഞ്ഞങ്ങാട് എം.വി.ഐക്ക് നിർദേശം നൽകിയതായി കാസർകോട് ആർ.ടി.ഒ പരാതിക്കാരെ അറിയിച്ചു.
യാത്രക്കാർക്ക് അധിക ബാധ്യത വരുന്ന രീതിയിൽ അപ്രധാന സ്ഥലങ്ങളിൽ സ്റ്റേജ് നിർണയിക്കാനുള്ള നിർദേശം ഫെബ്രുവരി 19ന് യോഗത്തിൽ ഉന്നയിച്ചിരുന്നു. അപ്രായോഗികമെന്ന് നിരീക്ഷിച്ചാണ് ഇത് തള്ളിയത്. ശരാശരി 2.5 കിലോമീറ്ററിന് ഫെയർ സ്റ്റേജ് നിശ്ചയിക്കുമ്പോഴും സ്ഥലങ്ങളുടെ പ്രാധാന്യം നോക്കി പരമാവധി അകലം 6.5 കിലോമീറ്റർ വരെയാകാമെന്നാണ് വ്യവസ്ഥ.
അത്രയേറെ ദൂരം ഒരിടത്തുമില്ല. കിലോമീറ്ററിന് ഒരു രൂപയെന്ന് പറയുമ്പോഴും യാത്രക്കാരൻ ഓരോ സ്ഥലത്തേക്കും ഏഴു രൂപവരെ അധികം നൽകുന്നുണ്ടെന്നാണ് പരാതി. മിനിമം നിരക്കായ 10 രൂപക്ക് 2.5 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാനാകുന്നത്. ഇതാണ് അധികൃതർ പരിഗണിച്ചത്.
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് മുതൽ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് വരെ 2.2 കിലോമീറ്ററേ ദൂരമുള്ളൂ. ദൂരം മാത്രം പരിഗണിച്ചാൽ ട്രാഫിക് സർക്കിൾ സ്റ്റേജായി കണക്കാക്കേണ്ടിവരും. ഇതോടെ കാഞ്ഞങ്ങാട്ടുനിന്ന് കുന്നുമ്മൽവരെ കയറിയാൽ 10ന് പകരം 13 നൽകേണ്ടിവരും. ഇതേ മാനദണ്ഡം പാലിച്ചാണ് കിഴക്കുംകരയിലും വന്ദേമാതരം (പുതിയകണ്ടം) ശിപാർശകൾ തള്ളിയത്.
2022ൽ മടിക്കൈയിലേക്കുള്ള സ്റ്റേജ് പരിഷ്കരണത്തിലും ഈ നിലപാടാണ് സ്വീകരിച്ചത്. കാസർകോട്ടേക്കുള്ള സ്വകാര്യ ബസുകൾക്കും മാവുങ്കാലിനിടയിൽ സ്റ്റേജില്ല. മലയോരത്തേക്ക് പാറപ്പള്ളിവഴിയുള്ള ബസുകൾ കിഴക്കുംകരക്ക് പുറമേ അലാമിപ്പള്ളി, നെല്ലിക്കാട്ട് റൂട്ടിലും മാവുങ്കാലെത്തുന്നുണ്ട്.
കാലിച്ചാനടുക്കം ജനകീയ ബസിന് മാവുങ്കാൽ വരെയുള്ള ഏഴു കിലോമീറ്ററിനിടയിൽ അലാമിപ്പള്ളിയിലും ചെമ്മട്ടംവയിലും നെല്ലിക്കാട്ട് വഴി അടൂർ വരെയോടുന്ന ബസിന് 5.2 കിലോമീറ്ററിനിടയിൽ ചെമ്മട്ടംവയലിലും സ്റ്റേജുണ്ട്. ഹൈവേയിൽനിന്ന് കോട്ടപ്പാറ വരെ 2.7 കിലോമീറ്ററേ ദൂരമുള്ളൂ. ഇതിനുശേഷം പാറപ്പള്ളിക്കിടയിൽ സ്റ്റേജ് നിർണയിച്ചാൽ കൊന്നക്കാട് വരെയുള്ള യാത്രക്കാർക്ക് അധിക ബാധ്യത വരുത്തേണ്ടതായി വരും.
സ്റ്റേജ് നിർണയത്തിൽ ബസുകൾ വേർപിരിഞ്ഞു പോകുന്ന സ്ഥലങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുമുണ്ട്. കാഞ്ഞങ്ങാടുനിന്ന് ഏഴാംമൈൽ, ഒടയംചാൽ എന്നിവിടങ്ങളിലേക്ക് ശരിയായ ദൂരമാണ് ലഭിച്ചത്.
പാറപ്പള്ളിക്കും കോട്ടപ്പാറക്കുമിടയിലെ ഒരു സ്റ്റേജിന്റെ ദൂരം ഉടമകൾ ഉന്നയിക്കുമ്പോൾ, പാറപ്പള്ളി മുതൽ ഏഴാംമൈൽ വരെയുള്ള ആറു കിലോമീറ്ററിന് 7.5 കിലോമീറ്ററിന്റെ നിരക്ക് വാങ്ങുന്നത് അനീതി അല്ലേയെന്നാണ് യാത്രക്കാരുടെ ചോദ്യം. ഈ സങ്കീർണതകൾ കാരണമാണ് 1974ലെ രേഖകൾതന്നെ ഒടയംചാൽ വരെയും പിന്തുടർന്നത്.
അതേസമയം, ഒടയംചാലിനും പാണത്തൂരിനും ഇടയിൽ ഒരു സ്റ്റേജ് അധികമായി കിട്ടിയത് ഉടമകൾ മിണ്ടുന്നുമില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ചുള്ളിക്കരയും രാജപുരവും അടക്കമുള്ള സ്റ്റേജുകൾക്ക് പകരം അപ്രധാന സ്റ്റേജുകൾ വന്നത് ഈ റൂട്ടും പരിഷ്കരിക്കാൻ ഉടമകൾ ആവശ്യപ്പെട്ടതോടെയാണ്.
കൊന്നക്കാട് മുതൽ വെള്ളരിക്കുണ്ട് വരെയുള്ള റൂട്ടിൽ പരിഷ്കരണത്തിനുശേഷവും ഒരു സ്റ്റേജ് അധികമാണ്. അത് കുറക്കേണ്ടേയെന്നം യാത്രക്കാർ ആരോപിച്ചു. ദേശീയപാതയിൽ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽപോലും സ്വകാര്യ ബസുകൾക്ക് സ്റ്റേജില്ല. ഇതൊക്കെ പരിഷ്കരിക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

