വീരമലക്കുന്നിടിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsമണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കുന്ന രക്ഷാപ്രവർത്തകർ
ചെറുവത്തൂർ: മയിച്ച വെങ്ങാട്ട് വീരമലക്കുന്നിടിഞ്ഞു. മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സദ്ദാം ഹുസൈൻ(27), ലിറ്റോ (19) എന്നിവരെയാണ് മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞത്. കൂറ്റൻ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞത്. മറ്റ് തൊഴിലാളികളും ഓടിയെത്തിയ നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സദ്ദാം ഹുസൈൻ കമ്പികൾക്കിടയിലും ലിറ്റോ മണ്ണിനടിയിലുമായിരുന്നു. തൃക്കരിപ്പൂരിൽ നിന്നുമെത്തിയ അഗ്നിശമന സേന, ചന്തേര പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ല കലക്ടർ സ്ഥലത്തെത്താതെ ഇവിടെയുള്ള പ്രവൃത്തി തുടരാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

