ഉയരുമോ മെഡിക്കൽ കോളജിൽ രവിയുടെ 'പാപ്പാത്തി പാർക്ക്' ?
text_fieldsകാസർകോട് മെഡിക്കൽ കോളജിന് മുന്നിൽ വൃക്ഷത്തൈ നടുന്ന പടോളി രവി
ചെറുവത്തൂർ: പ്രകൃതിസ്നേഹം രക്തത്തിലലിഞ്ഞ് സ്വന്തം നിലയിൽ 'പാപ്പാത്തി'യെന്നൊരു പച്ചപ്പ് നട്ടുവളർത്തിയ പടോളി രവിയുടെ പുതിയ തട്ടകം ഇനി കാസർകോട് മെഡിക്കൽ കോളജ്. ആശുപത്രിമുറ്റത്ത് വൃക്ഷത്തൈകൾ നട്ടുവളർത്തുകയാണ് പിലിക്കോട് പടുവളത്തിലെ പടോളി രവി മെഡിക്കൽ കോളജിലെ ജോലിയിൽ പ്രവേശിച്ചയുടൻ ചെയ്തത്.
അതുകൊണ്ട് തന്നെ വരണ്ട മെഡിക്കൽ കോളജ് മൈതാനിയിൽ പടോളി രവിയുടെ പച്ചപ്പ് ഉയരുമോയെന്നാണ് ആളുകൾ ചോദിക്കുന്നത്. മെഡിക്കൽ കോളജിൽ ജോലി ലഭിച്ചപ്പോൾ സന്തോഷിച്ച രവിയെ അതിനപ്പുറം, നിത്യവും തീറ്റ കൊടുക്കുന്ന പക്ഷികളെയും നനച്ചു വളർത്തുന്ന മരങ്ങളെയും ചെടികളെയും ഇനിയെങ്ങനെ ശ്രദ്ധിക്കും എന്നത് സങ്കടത്തിലാഴ്ത്തി.
പടുവളത്തിലെ തരിശുഭൂമിയിൽ പാപ്പാത്തിയെന്നൊരു ഹരിതപാർക്ക് നിർമിച്ച ശേഷമാണ് രവി പുതിയ ദൗത്യം ഏറ്റെടുത്തത്. പരിസ്ഥിതിപ്രണയത്തിന് സ്ഥലമോ കാലമോ ദിനമോ സമയമോ ഒരു വിഷയമേയല്ലെന്ന് തെളിയിക്കുകയാണ് ഈ പച്ച മനുഷ്യൻ. വൃക്ഷ പരിപാലനത്തിന് പോയ വർഷം 'ജീവനം' പരിസ്ഥിതി പുരസ്കാരം നേടിയിരുന്നു. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് തണൽകൂടി വിരിച്ച് നൽകി ആശ്വാസം പകരാൻ വരണ്ട മണ്ണിൽ ചെടികൾ നടുകയാണ് ഇദ്ദേഹം.