700 ഗ്രാമിൽനിന്ന് മഹാലക്ഷ്മി ഏഴു കിലോയിലെത്തി; കേരളത്തിന് നന്ദി പറഞ്ഞ് പ്രകാശൻ
text_fieldsപ്രകാശൻ മകൾ മഹാലക്ഷ്മിക്കൊപ്പം
ചെറുവത്തൂർ: പിറന്നുവീണപ്പോൾ 700 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന മഹാലക്ഷ്മിക്ക് ഒന്നാം പിറന്നാളിൽ ഏഴു കി.ഗ്രാം തൂക്കമായി. ജീവെൻറ ജീവനെ ജീവിതത്തിലേക്കെത്തിച്ച കേരളത്തിന് ഹൃദയംതുറന്ന നന്ദി പറയുകയാണ് പിതാവ് പ്രകാശൻ. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്ന് ചെറുവത്തൂരിൽ ബാർബർ തൊഴിലാളിയായെത്തിയ പ്രകാശന് വിവാഹം കഴിഞ്ഞ് ഏഴാം വർഷമാണ് കുഞ്ഞ് പിറന്നത്.
ഭാര്യ ജയപ്രിയക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രസവം ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അഞ്ചര മാസത്തിൽ ഗർഭപാത്രം തുറന്നതിനെ തുടർന്ന് എല്ലാവരും പ്രതീക്ഷ കൈവിട്ടപ്പോഴും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാനശ്രമം നടത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കണമെന്ന് അധികൃതർ നിർദേശിച്ചപ്പോഴും കണ്ണൂരിലെ ഡോക്ടർമാരിലാണ് പ്രകാശൻ വിശ്വാസം അർപ്പിച്ചത്. ആറാം മാസത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.
പ്രസവത്തെ തുടർന്ന് ദിവസങ്ങളോളം വെൻറിലേറ്ററിലായിരുന്ന കുട്ടിയെ ചേർത്തുപിടിക്കാൻ നാട്ടിലെ സുമനസ്സുകൾ ഒത്തുചേർന്നു. 'മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുട്ടിയുടെ മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുത്തതായി അറിയിച്ചു.
പിച്ചവെച്ച് നടക്കാനുള്ള ശ്രമത്തിലാണ് ഒന്നാം പിറന്നാൾ വേളയിൽ മഹാലക്ഷ്മി. കേരളത്തിൽ ആയതുകൊണ്ടു മാത്രം മകളെ തിരിച്ചുകിട്ടിയെന്ന ഉറച്ചവിശ്വാസത്തിലാണ് പ്രകാശൻ. കണ്ണങ്കൈയിലെ വാടകവീട്ടിലാണ് താമസം. കേരളത്തിൽ കാൽ നൂറ്റാണ്ട് താമസമാക്കിയ തനിക്ക് ഒരു റേഷൻ കാർഡ് അനുവദിക്കണമെന്നതു മാത്രമാണ് പ്രകാശെൻറ ഇപ്പോഴുള്ള അപേക്ഷ.