ഓൺലൈനല്ല; ഓഫ്ലൈനിലൂടെ കുട്ടികളിലെത്തുന്നു ആശംസ കാർഡുകൾ
text_fieldsപോസ്റ്റ്മാനിൽനിന്ന് ആശംസ കാർഡ് ഏറ്റുവാങ്ങുന്ന കുട്ടി
ചെറുവത്തൂർ: കോവിഡിനെ തുടർന്ന് പഠനം ഓൺലൈനായി മാറിയെങ്കിലും ആശംസ കാർഡുകൾ ഓഫ് ലൈനിലൂടെ കുട്ടികളിലെത്തിച്ച് വിദ്യാലയം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളാണ് പുതുവർഷ സന്ദേശം നിറച്ച ആശംസ കാർഡുകൾ മുഴുവൻ വിദ്യാർഥികൾക്കും തപാൽ മാർഗം എത്തിച്ചത്. സ്വന്തം മേൽവിലാസത്തിലേക്ക് കത്തുമായി പോസ്റ്റുമാനെത്തിയപ്പോൾ അതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം കുട്ടികൾക്ക്. സ്കൂളിൽ നിന്നുള്ള പുതുവത്സര സമ്മാനമാണെന്നറിഞ്ഞപ്പോൾ കുരുന്നു മുഖങ്ങൾ ആഹ്ലാദഭരിതമായി.
പുതുവത്സരം വൈവിധ്യമാർന്ന പരിപാടികളോടെയാണ് മുൻ വർഷങ്ങളിൽ വിദ്യാലയങ്ങളെല്ലാം ആഘോഷിച്ചിരുന്നത്. കോവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേരാൻ പുതുവഴികൾ തേടുകയായിരുന്നു വിദ്യാലയം. നവമാധ്യമങ്ങളിലൂടെ സെക്കൻറുകൾക്കുള്ളിൽ ആശംസകൾ എത്തുന്ന കാലത്ത് തപാലിൽ കത്തുകളെത്തുന്ന സന്തോഷം കുട്ടികൾക്ക് സമ്മാനിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മൂന്ന്, നാല് ക്ലാസുകളിലേക്ക് കലണ്ടറും, ക്ലാസ് അധ്യാപകരുടെ ആശംസകാർഡുകളും, ഒന്ന്, രണ്ട് ക്ലാസുകാർക്ക് നിറം നൽകാനുള്ള ആശംസകാർഡുകളുമാണ് നൽകിയത്.
കുട്ടികൾക്കായി ആശംസ കാർഡുകൾ എത്തിച്ചു നൽകുന്നതിൽ തപാൽ ജീവനക്കാർക്കും സന്തോഷം. സ്കൂളിൽനിന്നും സ്നേഹ സമ്മാനമെത്തുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഇവരും പറയുന്നു. പ്രതിസന്ധിയുടെ കാലത്ത് വിദ്യാലയം കുട്ടികൾക്ക് ഒപ്പമുണ്ടെന്ന സന്ദേശവും, പോസ്റ്റൽ വകുപ്പിനെ അടുത്തറിയാനുള്ള അവസരവും കൂടിയാണ് ഇതെന്ന് അധ്യാപകർ പറയുന്നു. കുട്ടികൾ വിദ്യാലയത്തിലെത്താതിനാൽ പുതുവർഷത്തെ വരവേൽക്കാൻ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടുകളിലെത്തി കുട്ടികൾക്ക് അടുത്ത വർഷത്തേക്കുള്ള കലണ്ടർ സമ്മാനമായി നൽകുകയാണ് ചെറിയാക്കര ഗവ. എൽ.പി സ്കൂൾ.
വാട്സ്ആപ് ഗ്രൂപ്പുകളിൽ പാട്ടും, കഥകളും, പുതുവത്സര പ്രതീക്ഷകളുമായി വരും ദിവസങ്ങളിൽ ആഘോഷങ്ങൾ പലതുണ്ട്. കോവിഡ് ഭീതിയകന്ന് പഴയ സന്തോഷ കാലം തിരികെയെത്തുമെന്ന പ്രതീക്ഷ കൂടിയാണ് ഈ പുതുവത്സര ആഘോഷങ്ങളെല്ലാം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ സി.എം. മീനാകുമാരി, കെ.ആർ. ഹേമലത, ടി. റജിന, പ്രജിത ബാലകൃഷ്ണൻ, ടി. പ്രേമ, എം.ടി.പി. ഷാമില, വിനയൻ പിലിക്കോട്, ബിജി, ബാലചന്ദ്രൻ എന്നിവർ കാർഡുകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

