ഉത്തര കേരളം പൂരോത്സവ ലഹരിയിൽ
text_fieldsനരയൻ പൂവ്
ചെറുവത്തൂർ: ഉത്തര കേരളത്തിൽ നാളെ പൂരംകുളി. മീന മാസത്തിലെ കാര്‍ത്തിക നാള് മുതല്‍ പൂരം നക്ഷത്രം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടന്ന പൂരോത്സവത്തിനാണ് ശനിയാഴ്ച സമാപനമാവുക. പൂരോത്സവത്തിെൻറ പ്രധാന ചടങ്ങ് കാമദേവനെ ആരാധിക്കലാണ്. ഋതുമതികളാകാത്ത പെൺകുട്ടികൾ വ്രതം നോറ്റ് പൂവിട്ട് ഉണ്ടാക്കിയ കാമദേവനെ പൂരംനാളിൽ സന്ധ്യക്ക് യാത്രയാക്കും. പൂജാമുറിക്കു പുറമെ കിണര്‍, കുളം എന്നിവക്ക് സമീപവും പൂവിടും. കാമദേവെൻറ പുനർജനനത്തിനു വേണ്ടിയുള്ള സങ്കൽപമെന്നോണം പൂവിന് വെള്ളം കൊടുക്കൽ ചടങ്ങും ഈ ദിവസങ്ങളിൽ നടന്നു.
പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിെൻറ വരവറിയിച്ച് പൂരപ്പൂക്കള്‍ മിഴി തുറന്നിട്ടുമുണ്ട്. പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും. ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻപൂ, എരിഞ്ഞിപ്പൂ തുടങ്ങിയ പൂക്കളാണ് പൂക്കളിടാൻ ഉപയോഗിക്കുക. ആദ്യ മൂന്ന് നാളുകളില്‍ അത്തപ്പൂക്കള്‍ പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ ഇടുന്നു. പിന്നീടുള്ള ദിവസത്തില്‍ പൂക്കള്‍ കൊണ്ട് കാമദേവെൻറ രൂപം നിർമിക്കുന്നു.
പുരോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രങ്ങളിലും ഭഗവതിക്കാവുകളിലും പൂരംകുളി നടക്കും. ക്ഷേത്രത്തിലെ തിരുവായുധങ്ങളും, ആടയാഭരണങ്ങളും ജലശുദ്ധി വരുത്തുന്ന ചടങ്ങാണിത്. പൂരക്കളി, മറത്തുകളി, എന്നിവയും പൂരോത്സവ ഭാഗമായി അരങ്ങേറും.
ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ആറാട്ട് കാഴ്ചയും ഇത്തവണ നടക്കും. ദേവീദേവന്മാരുടെ കൂടിക്കാഴ്ചയും കൂടിപ്പിരിയലും നടക്കുന്ന പ്രത്യേക ആചാരമാണ്. കോവിഡിൽ നിറം അൽപം മങ്ങിയിട്ടുണ്ടെങ്കിലും പൂരത്തിെൻറ ചടങ്ങുകൾ മുറതെറ്റാതെ എല്ലായിടത്തും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

