കാലുകൾക്ക് ചലനശേഷിയില്ല; ആയിഷക്ക് ഗൃഹാധിഷ്ഠിത പഠനം
text_fieldsആയിഷ
ചെറുവത്തൂർ: കാലുകൾക്ക് ചലനശേഷിയില്ലാത്തതിനാൽ ആയിഷക്ക് സ്കൂളിൽ പോകാൻ കഴിയില്ല. എങ്കിലും നഷ്ടമാകുന്ന അധ്യയനത്തെ ഗൃഹാധിഷ്ഠിത പഠനത്തിലൂടെ തിരിച്ചുപിടിക്കുകയാണ് ഈ മിടുക്കി. പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിലെ മൂന്നാംതരം വിദ്യാർഥിനിയാണ് ആയിഷ. ജന്മനാ സെറിബ്രൽ പാൾസി രോഗത്തിന് അടിമയാണ്. പഠിക്കാൻ മിടുക്കിയായ ആയിഷയെ ഇടക്ക് ഉമ്മ എടുത്ത് സ്കൂളിൽ കൊണ്ടുപോകുമായിരുന്നു. അസുഖം കാരണം ഈ അധ്യയനവർഷം പോകാൻ പറ്റിയില്ല. പനിയും ജലദോഷവും ചുമയും ആയിഷയുടെ സ്കൂൾ സ്വപ്നങ്ങൾക്ക് വിലങ്ങുനിൽക്കുന്നു. ദൈനംദിന കാര്യങ്ങളെല്ലാം ഉമ്മയുടെ സഹായത്തോടെയാണ്.
ചെറുവത്തൂർ ബി.ആർ.സിയിലെ ഐ.ഇ.ഡി.സി ട്രെയിനറായ മുംതാസാണ് സ്വപ്നങ്ങൾക്ക് വീണ്ടും കൂട്ടായെത്തിയത്. വീട്ടിലെത്തി ആയിഷയെ പഠിപ്പിക്കുന്നതിൽ മുംതാസിനും ഏറെ സന്തോഷം. കണ്ടും കേട്ടുമാണ് പഠനം. ഇപ്പോൾ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു വായിക്കാൻ തുടങ്ങി. മുംതാസിന്റെ ആവശ്യപ്രകാരം പൊള്ളപ്പൊയിൽ സ്കൂളിലെ അധ്യാപികയും വീട്ടിലെത്തി പഠിപ്പിക്കാമെന്നേറ്റിട്ടുണ്ട്.

