വാനോളം സൗന്ദര്യവുമായി കയ്യൂർ സഞ്ചാരികളെ വിളിക്കുന്നു
text_fieldsകയ്യൂർ കാഴ്ചകളിലൊന്നായ പാലായി ഷട്ടർകം ബ്രിഡ്ജ്
ചെറുവത്തൂർ: കയ്യൂരിന് ഇപ്പോൾ വാനോളം സൗന്ദര്യമാണ്. തേജസ്വിനിപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് കയ്യൂരിലൂടെ യാത്രചെയ്യാൻ സഞ്ചാരികൾ ഏറിവരുകയാണ്. വിനോദ സഞ്ചാരസാധ്യതകൾ തുറന്നുകിടക്കുന്ന ദേശമായി കയ്യൂർ മാറുന്ന കാഴ്ചയാണ്. വീരമലക്കുന്ന് മുതൽ കയ്യൂർവരെ നീളുന്ന പ്രദേശങ്ങളാണ് ടൂറിസത്തിന്റെ സാധ്യതകൾ വിളിച്ചോതുന്നത്. മുഴക്കോം, ക്ലായിക്കോട്, വെള്ളാട്ട്, പൊടോത്തുരുത്തി, കാര്യങ്കോട്, ചാത്തമത്ത്, പാലായി, നീലായി, കൂക്കോട്ട്, കയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജൈവവൈവിധ്യം സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
വീരമലക്കുന്നിൽ ഇക്കോടൂറിസം പദ്ധതികൾക്കുള്ള നടപടികൾ സജീവമാകുന്നുണ്ട്. തേജസ്വിനിപ്പുഴയുടെ സൗന്ദര്യം പൂർണമായി വീരമലക്കുന്നിൽനിന്ന് ആസ്വദിക്കാം. കയ്യൂർ രക്തസാക്ഷി മണ്ഡപം, തുരുത്തുകൾ, ഉറവ വറ്റാത്ത ചൂട്ടേൻപാറ, വരിക്കേൻ പാറ, തേജസ്വിനിയുടെ ഉപ പുഴയായ മുട്ടോളിപ്പുഴ, പാലായിലെ മാട്ടുമ്മൽ ദ്വീപ്, പാലായി ഷട്ടർ കംബ്രിഡ്ജ് എന്നിങ്ങനെ നീളുന്നു കാഴ്ചകളുടെ പട്ടിക.
ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസം കേന്ദ്രമാക്കി മാറ്റിയാൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറും. ഇപ്രദേശത്തുകാർക്ക് ഉപജീവനത്തിനുള്ള വഴിയും തുറക്കും.
അരയാക്കടവ് -കയ്യൂർ- ചെമ്പ്രകാനം - പാലക്കുന്ന് റോഡും, നീലേശ്വരം - പാലായി ഷട്ടർ കംബ്രിഡ്ജ് എന്നിവയും യാഥാർഥ്യമായതോടെ കയ്യൂരിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി. രാമൻചിറ പാലം കൂടി വരുന്നതോടെ കുന്ന് കയറിയുള്ള യാത്ര ഒഴിവാക്കി ചെറുവത്തൂർ കൊവ്വൽ ഹൈവേയിൽനിന്നും നേരിട്ട് ഇവിടത്തേക്കെത്താം.
വളപട്ടണം പാലം മുതൽ അരയാക്കടവ് വരെയുള്ള മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണിത്. പാളത്തൊപ്പി, ഓലക്കുട, താപ്പിടി, ചെമ്പല്ലിക്കൂട് എന്നിവയുടെ നിർമാണം തകൃതിയായി നടക്കുന്ന പ്രദേശവുമാണ് കയ്യൂർ. ആരെയും ആകർഷിക്കുന്ന ഇത്തരം വസ്തുക്കൾ സഞ്ചാരികൾക്ക് കൗതുകം പകരും. കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ ഇവരുടെ ഉൾപന്നങ്ങൾക്കുള്ള വിപണിയും ഒരുങ്ങും. കാസർകോട് ജില്ലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം കേന്ദ്രമായി മാറുകയാണ് കയ്യൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

